പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനെ കണ്ടെത്തനായില്ല; ഹാജരാകാന്‍ നോട്ടീസ് നല്‍കി പൊലീസ്

ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു ഒളിവിലെന്ന് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് പൊലീസ് വീട്ടിലെത്തി നോട്ടീസ് കൊടുത്തു. ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേസില്‍ അഡ്വ.സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാം എന്ന വാദം അംഗീകരിച്ചില്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കസ്റ്റഡി തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏത് ഉന്നതനുംമുകളിലാണ് നീതിപീഠമെന്നും കേസ് അന്വേഷണം മുന്നോട്ട് നീങ്ങാന്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഉദയഭാനു ഒളിവിലാണെന്ന് പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളി രേഖകള്‍ ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പങ്ക് വ്യക്തമാക്കുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. രാജീവിനെ കൊലപ്പെടുത്തിയ ദിവസം ആലപ്പുഴയില്‍ വൈകിട്ട് നാലരയ്ക്ക് അഡ്വ.ഉദയഭാനുവും രണ്ടു പ്രതികളും ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജസ്റ്റിസ് എ ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു ഇടപാടുരേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു.

Top