
തിരുവനന്തപുരം: എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നൂറനാട് കുടശനാട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലും സ്‌കുളിലും കരിങ്കൊടി ഉയര്‍ത്തിയതിന് കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലാണ്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
നവംബര്‍ ഏഴിനാണ് കരയോഗ മന്ദിരത്തിലും കൊടശിനാട് എന്‍.എസ്.എസ് ഹൈസ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തുകയും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വച്ചത്. ‘ജി.സുകുമാരന്‍ നായര്‍ക്ക് ആദരാജ്ഞലികള്‍’ എന്ന് എഴുതിയാണ് റീത്ത് വച്ചിരുന്നത്.
നേരത്തെ തിരുവനന്തപുരം മേലാംകോട് കര്യോഗ മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തപ്പോഴും സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്നവരാണ് സംഭവത്തിനു പിന്നിലെന്ന് എന്‍.എസ്.എസും ബി.ജെ.പിയും ആരോപിച്ചിരുന്നു.