യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് റഷ്യ. യുദ്ധം നാലാം ദിവസവും ശക്തമായി തന്നെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. ബെലാറസ് തന്നെയാകും ചര്‍ച്ചയുടെ വേദിയാവുക. തീരുമാനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബെലാറസിലെ ഗോമലില്‍ എത്തി.
ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വാഴ്സോ, ഇസ്താംബുള്‍, ബാകൂ എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയാകാമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയുമായുള്ള ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും തീരുമാനിക്കുകയാണെന്ന് പ്രസിഡന്റ് വ്ളാദിമര്‍ സെലെന്‍സ്‌കിയുടെ വക്താവ് ട്വീറ്റ് ചെയ്തു. വെടിനിര്‍ത്തലിനെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കാന്‍ യുക്രൈന്‍ തയ്യാറാണെന്നും വക്താവ് സെര്‍ജി നൈകിഫോറോവ് അറിയിച്ചു.
നേരത്തെയും ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരുന്നു. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. റഷ്യന്‍ പ്രതിനിധി സംഘത്തെ ബെലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്നാണ് പുടിന്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി നിരായുധീകരണത്തിന് യുക്രൈന്‍ തയാറാകണമെന്ന ഉപാധി ആര്‍ത്തിച്ചു കൊണ്ട് തന്നെയായിരുന്നു പുടിന്റെ അറിയിപ്പ് ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെയും റഷ്യ അറിയിച്ചിരുന്നു.
അതേസമയം ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചതോടെ പ്രദേശത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ സേന ഖാര്‍കീവില്‍ പ്രവേശിച്ചത്.