സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക സിപിഎമ്മും ഇടതു മുന്നണിയുമെന്ന സൂചന നൽകി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ ഫലം പുറത്ത്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള പതിനഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലും സിപിഎം നിയോഗിച്ച ഏജൻസി നടത്തിയ രഹസ്യ സർവേയിലും, പാർട്ടി കേഡർമാരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത അഴിച സിപിഎം സംസ്ഥാന കമ്മിറ്റിയ്ക്ക് സർവേയുടെ അന്തിമഫലം സമർപ്പിക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്.
സംസ്ഥാനത്ത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണി 45 ശതമാനം വോട്ട് നേടുമെന്ന് സർവേ പ്രവചിക്കുന്നു. കഴിഞ്ഞ പാർലെന്റ് തിരഞ്ഞെടുപ്പിൽ 55 ശതമാനം വോട്ട് നേടിയ യുഡിഎഫ് ഇത്തവണ 25 ശതമാനത്തിൽ താഴെ വോട്ട് മാത്രമേ നേടൂ എന്നാണ് സർവേ ഫലം. കോൺഗ്രസിന്റെ വോട്ടിലുണ്ടാക്കുന്ന ചോർച്ച നേട്ടമാക്കി മാറ്റുക ബിജെപിയാകും. 25 ശതമാനം വോട്ട് നേടുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി കോൺഗ്രസിന്റെ വോട്ട് ചോർച്ച മുതലാക്കി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തുമെന്നും സിപിഎമ്മിന്റെ സർവേ ഫലം കണ്ടെത്തിയിട്ടുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ പതിനാറ് സീറ്റിലും സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണി വിജയിക്കുമെന്നാണ് സർവേ ഫലം. മധ്യ കേരളത്തിൽ ഇടുക്കിയും, കോട്ടയവും യുഡിഎഫ് വിജയിക്കുമ്പോൾ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടകളായ മലപ്പുറവും, പൊന്നാനിയും യുഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ശശീ തരൂർ മത്സരിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് സിപിഐയ്ക്ക് ഈസി വാക്കോവറാണ് സർവേ പ്രവചിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സർവേയുടെ പ്രവചനം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തുന്ന സമരം കോൺഗ്രസിന്റെ വോട്ട് ചോർത്താൻ മാത്രമേ ഉപകരിക്കൂ എന്നാണ് പുറത്തു വരുന്ന ഫലം നൽകുന്ന സൂചന. മലപ്പുറവും, പൊന്നാനിയും ഒഴികെയുള്ള മണ്ഡലങ്ങളിൽ മുസ്ലീ വോട്ട് കൂടുതലായി സിപിഎമ്മിനും ഇടതു മുന്നണിയ്ക്കും ലഭിക്കും. ഇടുക്കിയിലും കോട്ടയത്തും ക്രൈസ്തവ വോട്ടുകളുടെ ഏകീകരണമുണ്ടാകുന്നത് കോൺഗ്രസിനു ഗുണം ചെയ്യുമ്പോൾ, മറ്റിടങ്ങളിൽ മുസ്ലീം ക്രിസ്ത്യൻ വോട്ട് സിപിഎമ്മിലേയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിപിഎമ്മിന്റെ സ്ഥിരം വോട്ടുകൾക്കൊപ്പം, ഹൈന്ദവരിലെ പിന്നാക്ക വിഭാഗത്തിന്റെ വോട്ട് കൂടി തങ്ങൾക്ക് ലഭിക്കുമെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന ഹൈന്ദവ സ്ത്രീകളാണ് ഇപ്പോൾ ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നവരിൽ ഏറെയും. ഇവരുടെ വോട്ടുകൾ സ്വാഭാവികമായും ബിജെപി അക്കൗണ്ടിൽ എത്തും. ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സർവേയിലെ വിലയിരുത്തൽ.