ന്യൂഡൽഹി: ശബരിമല അയ്യപ്പ ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന പ്രചാരണത്തിന് അവസാനം.ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. ഒരു ആരാധനാലയത്തെയും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ ലോക്‌സഭയെ അറിയിച്ചു.. കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷ് എം..പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു പ്രഹ്ലാദ് പട്ടേൽ സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ശബരിമല സമരം കത്തി നിന്ന കാലത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്ന് സംസ്ഥാനത്തെ ബി..ജെ..പി നേതാക്കൾ വ്യക്തമാക്കിയിരുന്നതാണ്. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു അവകാശവാദം. എന്നാൽ അത്തരമൊരു പദ്ധതിയും കേന്ദ്രസർക്കാരിനില്ല എന്നാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്.സ്വദേശ് ദർശനുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നത് ദക്ഷിണേന്ത്യക്കാർ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണ്.ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക പ്രയോഗികമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും നേരത്തെ വ്യക്തമാക്കിയിരുന്നു, ഇന്ത്യയിൽ ദേശീയ തീര്‍ഥാടന കേന്ദ്രം ഒന്നുമില്ല. അതിനാൽ പുതിയ നിയമ നിർമാണം വേണ്ടി വരും. ഇത് കേന്ദ്ര സർക്കാരിന് വേഗം നടപ്പാക്കാൻ കഴിയുന്നതല്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം.ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, 33 വിവിധ രാജ്യങ്ങളിൽ നിന്നും ശബരിമലയിൽ തീർത്ഥാടകരെത്തുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശബരിമലയ്ക്ക് പ്രത്യേക പദവി നൽകണമെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ ആവശ്യം. കേന്ദ്രസർക്കാരിനെ ഈ ആവശ്യം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.