ശബരിമല: ശബരിമലയിലേക്കുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പോലീസിന്റെ വിരട്ടല്‍ ഏശിയില്ല. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ പിന്‍വലിച്ചു. ക്ഷേത്രോപദേശക സമിതിക്ക് അപേക്ഷ നല്‍കിയ ആയിരം പേര്‍ക്ക് ദേവസ്വം അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ പാസ് ഒപ്പിട്ട് നല്‍കി.
ഇതോടെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് പന്തളത്തേക്ക് എത്തിയത്. നാമജപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന തോന്നല്‍ വന്നതോടെ കൊട്ടാരം നിര്‍വാഹക സമിതി ശക്തമായ നിലപാടുമായി രംഗത്തെത്തി. അനുകൂലിച്ച് ഹൈന്ദവ സംഘടനകളും രംഗത്തെത്തിയതോടെ തിരുവാഭരണ ഘോഷയാത്ര തന്നെ അനിശ്ചിതത്വത്തിലാകുമെന്ന അന്തരീക്ഷം ഉടലെടുത്തു. വിഷയം വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും വഴിതെളിക്കുമെന്ന് കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് ചര്‍ച്ച നടത്തി.
ഇന്ന് പുലര്‍ച്ചെ നടപടി പൂര്‍ത്തിയാക്കി പന്തളം സാമ്പ്രിക്കല്‍ കൊട്ടാരത്തിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു.