ചെറുതോണി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് സംഘപരിവാര്‍ അനുകൂല നിലപാടാണെന്ന് വ്യാപക വിമര്‍ശനം മുമ്പുതന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനെ ശരിവയ്ക്കുന്ന രീതിയില്‍ പലപ്പോഴും സംസ്ഥാന ഘടകത്തിന്റെ നടപടികളെ ദേശിയ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടുമുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരാം എന്ന നിലയിലും ആയിട്ടുണ്ട്.
ഇത്തരത്തിലാണ് ചെറുതോണിയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രവൃത്തിയെ നോക്കിക്കാണുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട ബിജെ.പി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി മാലയിട്ടാണ് സ്വീകരിച്ചത്. വ്യാഴാഴ്ച നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചാണ് ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ്. സുരേഷ്, ആര്‍.എസ്.എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോള്‍ ചെറുതോണിയില്‍ നിന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ജാഥയായി പൊലീസ് സ്റ്റേഷനിലെത്തി ഇവരെ സ്വീകരിക്കുകയായിരുന്നു. ഇവരോടൊപ്പം ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഉണ്ടായിരുന്നു. തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തത് ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. എം.ഡി അര്‍ജുനന്‍ കോണ്‍ഗ്രസിലെ ഇടുക്കിയുടെ വക്താവായാണ് അറിയപ്പെടുന്നത്. ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പോയത് സംബന്ധിച്ച് അറിയില്ലെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
എന്നാല്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിച്ചതെന്നും മറ്റ് ഇരുപത്തഞ്ചോളം അംഗങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലന്നും എം.ഡി അര്‍ജുനന്‍ പറഞ്ഞു. എന്നാല്‍ എ ഗ്രൂപ്പുകാരനായ ഡി.സി.സി സെക്രട്ടറിയ്ക്കെതിരെ മറ്റ് ഗ്രൂപ്പുകള്‍ രംഗത്ത് വന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു