സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിലെ ആചാര സംരക്ഷണം എന്ന ലക്ഷ്യവുമായി അരലക്ഷം സംഘപ്രവർത്തകരെ സന്നിധാനത്ത് എത്തിക്കാൻ ആർഎസ്എസ് പദ്ധതി. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി അരലക്ഷം പരിശീലനം ലഭിച്ച സംഘ പ്രവർത്തകരെ എത്തിക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതുവഴി ശബരിമലയെ സംരക്ഷിച്ച് നിർത്തിയത് ആർഎസ്എസ് ആണെന്ന് കേരളത്തിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ശബരിമല മണ്ഡല മകര വിളക്ക് സീസണിൽ ഇത്തരത്തിൽ കൂട്ടത്തോടെ സംഘ പ്രവർത്തകർ എത്തിയാൽ തടയുക പൊലീസിനും സംസ്ഥാന സർക്കാരിനും വെല്ലുവിളിയാവും. ഏതെങ്കിലും രീതിയിൽ ആർഎസ്എസ് പ്രവർത്തകർ പ്രകോപനം ഉണ്ടാക്കിയാൽ ഇത്, ശബരിമലയെ കലാപഭൂമിയാക്കിമാറ്റും.
ശബരിമല ആചാര സംരക്ഷണം രാഷ്ട്രീയ നിലപാടാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ സമീപച്ചിട്ടുണ്ട്. ഇതിനായി ശബരിമല സീസൺ സമയത്ത് ആർഎസ്എസ് ദേശീയ നേതൃത്വം കൃത്യമായി ഇടപെടണമെന്നാണ് ആവശ്യം. ഈ ആവശ്യം മുൻ നിർത്തി കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ചയും നടത്തിയിരുന്നു. ഈ ചർച്ചയോട് ആർഎസ്എസ് ദേശീയ നേതൃത്വം അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് സൂചന.
ഉത്തർപ്രദേശ് അടക്കം ആർഎസ്എസിനു സ്വാധീനമുള്ള സസംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകരെ ട്രെയിൻ മാർഗം കേരളത്തിലേയ്ക്ക് എത്തിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. എത്തിക്കാവുന്ന പരമാവധി സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേയ്ക്ക് പ്രവർത്തകരെ എത്തിക്കും. പരിശീലനം സിദ്ധിച്ച കർസേവകരെയായിരിക്കും ഇവിടങ്ങളിലേയ്ക്ക് എത്തിക്കുക. ഏത് സാഹചര്യത്തിലും സംഘം ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാൻ സന്നദ്ധരായിരിക്കുന്നവരാണ് ഇവർ. അതുകൊണ്ടു തന്നെ ഇവരെ പ്രതിരോധിച്ചു നിർത്തുക പൊലീസിനും സർക്കാരിനും ശ്രമകരമായ ദൗത്യമായി മാറുമെന്ന് ഉറപ്പാണ്.


