ശബരിമല ശ്രീധരൻപിള്ളയുടെ പ്രഖ്യാപനത്തോടെ പുറത്താക്കുന്നത് ബിജെപിയുടെ ഗൂഡാലോചന; വഴി തുറന്നത് സുപ്രീം കോടതി വിധിയോടെ; എല്ലാം കേരളം പിടിക്കാനുള്ള തന്ത്രമോ..?

സ്വന്തം ലേഖകൻ

കോഴിക്കോട്: ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ വിവാദ പ്രസ്താവനയോടെ പുറത്തു വരുന്നത്് സുപ്രീംകോടതി വിധിമുതൽ ആരംഭിച്ച ബിജെപി ഗൂഡാലോചനയെന്ന് സൂചന. സുപ്രീം കോടതി വിധി പ്രഖ്യാപിച്ച ബഞ്ചിന്റെ അധ്യക്ഷനായ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബിജെപിയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു എന്നതിൽ തുടങ്ങുന്നു ഗൂഡാലോചനയുടെ ചുരുളുകൾ. ശബരിമല വിഷയമല്ലാതെ മറ്റൊരു വിഷയവും കേരളത്തിൽ ചുവടുറപ്പിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി കൃത്യ സമയത്ത് ശബരിമല വിഷയത്തെ രംഗത്തിറക്കിയതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സൂചനകൾ വ്യക്തമാക്കുന്നത്.
യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടച്ചിടുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനര് പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയുമായി ആലോചിച്ചിട്ടെന്നതിന്റെ നിർണ്ണായക വെളിപ്പെടുത്തലാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യുവമോർച്ചാ സംസ്ഥാന നേതൃയോഗത്തിലാണ് പി.എസ് ശ്രീധരൻപിള്ള വിവാദപ്രസംഗം നടത്തിയത്. രഹ്നഫാത്തിമയും, കവതാ ജക്കാലയും ശബരിമല സന്ദർശനത്തിനു എത്തിയ ദിവസമാണ് നട അടച്ചിടുമെന്ന് പ്രഖ്യാപിച്ച ക്ഷേത്രം തന്ത്രി രംഗത്ത് എത്തിയത്. ഇത് സംസ്ഥാന സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇത് ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് തന്ത്രി പ്രഖ്യാപിച്ചതെന്നാണ് ഇപ്പോൾ പി.എസ് ശ്രീധരൻപിള്ളയുടെ പ്രസ്താവനയോടെ വ്യക്തമായിരിക്കുന്നത്.
നട അടയ്ക്കുന്നതിനെക്കുറിച്ച് തന്ത്രി ഏറെ നേരം തന്നോട് സംസാരിച്ചു. താൻ പരിപൂർണ പിൻതുണ നൽകി. ഇതേ തുടർന്നാണ് നട അടയ്ക്കാൻ തന്ത്രി തീരുമാനിച്ചത്. തന്നെ ഫോണിൽ വിളിക്കുമ്പോൾ തന്ത്രി ഏറെ അസ്വസ്ഥനായിരുന്നു. ഒന്നും പേടിക്കേണ്ടെന്നും, ഞാൻ ഒപ്പമുണ്ടെന്നും തന്ത്രിയ്ക്ക് വാക്കു നൽകി. കോടതി അലക്ഷ്യമുണ്ടാകുമോ എന്നായിരുന്നു തന്ത്രിയുടെ സംശയം. കോടതി അലക്ഷ്യം വന്നാലും താൻ ഒന്നാം പ്രതിയാകുമെന്നും, തന്ത്രി രണ്ടാം പ്രതി മാത്രമേ ആകൂ എന്നുമായിരുന്നു തന്റെ ഉറപ്പ്. ഇത് വിശ്വസിച്ചാണ് തന്ത്രി ശബരിമല നട അയ്ക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ശ്രീധരൻപിള്ള പറയുന്നു.
ശബരില വിഷയം ബിജെപിയ്ക്ക് കേരളത്തിൽ ലഭിച്ച സുവർണാവസരമാണ്. ഇത് മുതലെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ശ്രീധരൻ പിള്ള പ്രഖ്യാപിക്കുന്നു. സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമല വിഷയത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന സമരത്തിന്റെ ലക്ഷ്യം കൂടിയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിശ്വാസത്തിന്റെ മറവിൽ സമരം നടത്തി തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നാണ് ഇതിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
ശബരിമലയിൽ ബിജെപി വിരിച്ച പാതയിലൂടെ മുന്നോട്ട് വരുന്ന കോൺഗ്രസ് ഛിന്നഭിന്നമായി പോകുമെന്ന തന്ത്രം വിജയത്തിൽ എത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസംഗം വ്യക്തമാക്കുന്നു. ഇത്തരത്തിൽ ബിജെപിയും സംസ്ഥാന സർക്കാരും സിപിഎമ്മും തമ്മിൽ നേരിട്ട് ഏറ്റുമുട്ടമ്പോൾ ഇല്ലാതാകുക കോൺഗ്രസ് ആകുമെന്ന് വ്യക്തമാക്കുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസംഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top