ന്യൂഡല്‍ഹി: ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ സ്ത്രീകളായ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. ഭഗവാന് സ്ത്രീ പുരുഷ ഭേദമില്ലെന്നും ഇക്കാര്യം ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോയിയേഷന്റെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
അമിക്കസ് ക്യൂറിയായി നിയമിച്ചവര്‍ സുപ്രീം കോടതിക്ക് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയത് യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി മുഹമ്മദ് നൗഷാദ് ഖാനായിരുന്നു. ഇദ്ദേഹത്തിന് പിന്നീട് വധഭീഷണിയുമുണ്ടായിരുന്നു.
ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശനം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് തന്നെയായിരുന്നു വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട്. എന്നാല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.
കേസില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണി ഗൗരവകരമാണെന്നും കേസില്‍ നിന്നും അഭിഭാഷകന്‍ പിന്മാറിയാലും കോടതി കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അമിക്കസ് ക്യൂറിയെ നിയമിയ്ക്കുമെന്നും അന്ന് തന്നെ കോടതി വ്യക്തമാക്കിയിരുന്നു.
പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയില്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരഹും പൊതുതാത്പര്യ ഹരജി നല്‍കിയത്.