സച്ചിന്‍ ബേബി ഐപിഎല്ലിലെ പുത്തന്‍ താരോദയം; റോയല്‍ ചലഞ്ചേഴ്‌സിനെ കൈപിടിച്ച് ഉയര്‍ത്തുമോ?

Sachin-Baby

ബെംഗളൂരു: എങ്ങും എത്താതെ ഇഴഞ്ഞു നീങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കൈപിടിച്ച് ഉയര്‍ത്തുമോ ഈ മലയാളി താരം. സച്ചിന്‍ ബേബി കേരളത്തിന് അഭിമാനമാകട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. ശ്രീശാന്ത്, സഞ്ജു സാംസണ്‍ തുടങ്ങിയവരിലൂടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സാന്നിധ്യമറിയിച്ച താരമാണ് സച്ചിന്‍. ഐപിഎലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവും കേരള ടീമിന്റെ നായകനുമായ സച്ചിന്‍ ബേബിയാണ് ഐപിഎലിലെ പുത്തന്‍ മലയാളി താരോദയം.

സൂപ്പര്‍ താരങ്ങളെ ഒന്നാകെ ടീമിലെടുത്തിട്ടും വിജയം കാണാനാകാതെ ഉഴറുന്ന റോയല്‍ ചലഞ്ചേഴ്‌സ് നിരയില്‍ പതുക്കെയാണെങ്കിലും ചുവടുറപ്പിക്കുകയാണ് സച്ചിന്‍ ബേബിയെന്ന 27കാരന്‍. സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് താരബാഹുല്യമുള്ള ബാംഗ്ലൂര്‍ നിരയില്‍ സച്ചിനെങ്ങനെ സ്ഥാനം കിട്ടുമെന്ന് സന്ദേഹിച്ചവരെപ്പോലും അദ്ഭുതപ്പെടുത്തിയാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങള്‍ക്കുമുള്ള ടീമില്‍ അദ്ദേഹം ഇടം നേടിയത്. അങ്ങനെ ഡിവില്ലിയേഴ്‌സ്, കോഹ്ലി, ഗെയ്ല്‍, വാട്‌സണ്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ബാംഗ്ലൂര്‍ നിരയില്‍ മലയാളികളുടെ സ്വന്തം സച്ചിനും ഇടംനേടി. ടീമില്‍ സ്ഥാനം കണ്ടെത്തിയെന്ന് മാത്രമല്ല, മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥാനം സ്ഥിരമാക്കാനുള്ള ഉറച്ച ശ്രമത്തിലുമാണ് ഈ തൊടുപുഴക്കാരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് സീസണിലാദ്യമായി സച്ചിന്‍ ബേബിക്ക് അവസരം ലഭിക്കുന്നത്. ഹൈദരാബാദുയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂര്‍ തോല്‍വിയെ മുന്നില്‍ കാണുമ്പോഴാണ് അഞ്ചാമനായി സച്ചിന്‍ ബേബി ക്രീസില്‍ എത്തുന്നത്. 16 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്ത് പുറത്തായെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ സച്ചിന്‍ കാഴ്ചവച്ച പോരാട്ടവീര്യം ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റിന്റെ മനം കവര്‍ന്നു.

ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അടുത്ത മല്‍സരത്തിലും സച്ചിന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇത്തവണ ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ എട്ടു പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 16 റണ്‍സെടുത്ത് തന്നെ ഏല്‍പ്പിച്ച റോള്‍ ഭംഗിയാക്കി. സീസണിണിലെ തുടരുന്ന നിര്‍ഭാഗ്യത്തിന്റെ ചുവടുപിടിച്ച് ഇരു മല്‍സരങ്ങളും ബാംഗ്ലൂര്‍ തോറ്റെങ്കിലും സച്ചിന്റെ ഇന്നിങ്‌സ് ശ്രദ്ധേയമായിരന്നു.

2013ല്‍ രാജസ്ഥാന്‍ റോയല്‍സും സച്ചിനെ ടീമിലെടുത്തിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട് സച്ചിന്‍ ബേബിയുടെ തിരിച്ചുവരവ് കൂടിയാണ് ഇത്തവണത്തേത്.

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ ബാംഗ്ലൂര്‍ നിരയിലെത്തിച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നിലയിലും സച്ചിന്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു

Top