ഹൂസ്റ്റണ്‍: ഓള്‍ സ്റ്റാര്‍സ് സീരിസില്‍ പങ്കെടുക്കുന്നതിനായി യുഎസിലുള്ള സച്ചിനെ ബ്രിട്ടീഷ് എയര്‍വെയ്സ് അപമാനിച്ചതായി റിപ്പോര്‍ട്ട്. മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.ഓള്‍ സ്റ്റാര്‍സ് സീരിസിലെ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി യുഎസിനുള്ളില്‍ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട സാഹചര്യം സച്ചിനുണ്ട്. ഇതിനായി ആശ്രയിക്കുന്നത് ബ്രിട്ടീഷ് എയര്‍വെയ്സിനെയാണ്. വെയിറ്റിങ് ലിസ്റ്റില്‍ ആയിരുന്ന തന്റെയും കുടുംബത്തിന്റെയും ടിക്കറ്റുകള്‍ സീറ്റുകള്‍ ബാക്കിയുണ്ടായിട്ടും കണ്‍ഫേം ചെയ്തില്ലെന്നു മാത്രമല്ല ലഗേജുകള്‍ മറ്റൊരു വിലാസത്തില്‍ അയച്ചു നല്‍കിയെന്നും സച്ചിന്‍ ട്വിറ്റില്‍ കുറിച്ചു.
സച്ചിന്റെ ട്വീറ്റിനു തൊട്ടുപിന്നാലെ ബ്രിട്ടീഷ് എയര്‍വെയ്സ് മാപ്പുപറഞ്ഞ് രംഗത്തെത്തി. എയര്‍വെയ്സിനെപ്പറ്റി ഇങ്ങനെ കേട്ടതില്‍ വിഷമമുണ്ട്. ബാഗേജിന്റെ റഫറന്‍സും മുഴുവന്‍ പേരും വിലാസവും നല്‍കിയാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും ബ്രിട്ടീഷ് എയര്‍വെയ്സ് സച്ചിന്റെ ട്വീറ്റിന് മറുപടിയായി കുറിച്ചു.എന്നാല്‍ സച്ചിന്റെ മുഴുവന്‍ പേരു ചോദിച്ചുകൊണ്ടുള്ള എയര്‍വെയ്സിന്റെ ട്വീറ്റ് വന്നത് മറ്റൊരു വന്‍വിവാദത്തിനു കാരണമായി. നൂറു വര്‍ഷത്തെ അധിനിവേശത്തിന് ബ്രിട്ടനോട് ഇന്ത്യയ്ക്ക് ക്ഷമിക്കാന്‍ സാധിക്കും. എന്നാല്‍ സച്ചിന്റെ മുഴുവന്‍ പേരു ചോദിച്ചതിന് ഒരിക്കലും ക്ഷമിക്കാനാകില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് കുറിച്ചു. ഈയൊരു പരാമര്‍ശത്തോടെ ബ്രിട്ടീഷ് എയര്‍വെയ്സും ബിഎ എന്ന ടാഗ് ലൈനും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു