
സ്വന്തം മണ്ഡലമായ ഉന്നാവില്‍ താന്‍ ഉദ്ഘാടനം ചെയ്ത നിശാക്ലബിനെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് ബിജെപി എംപി സാക്ഷി മഹാരാജ്. റസ്റ്ററന്റ് ആണെന്ന് തെറ്റിധരിപ്പിച്ചാണ് തന്നെ നൈറ്റ് ക്ലബ് ഉദ്ഘാടനത്തിന് കൊണ്ടുപോയതെന്നും ക്ലബ് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി പൊലീസിന് കത്തയച്ചിരിക്കുകയാണ് സാക്ഷി മഹാരാജ്. ബിജെപി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്യുകയും യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത സംഭവം രാജ്യമാകെ കത്തുമ്പോളാണ് ഉന്നാവ് എംപി സാക്ഷി മഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയും ബിജെപിക്ക് തലവേദനയുമായി വന്നതോടെയാണ് വിവാദത്തില്‍ നിന്ന് തടിതപ്പാനുള്ള സാക്ഷി മഹാരാജിന്റെ ശ്രമം. തന്റെ മണ്ഡലമായ ഉന്നാവിലെ അഭിഭാഷകന്‍ രാജന്‍ സിങ് ചൗഹാന്‍ ലക്‌നോ അലിഗഞ്ചിലെ റസ്റ്ററന്റ് ഉദ്ഘാടനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ കൂട്ടിക്കൊണ്ടുപോയത്. റസ്റ്ററന്റ് ഉടമകളായ സുമിത് സിങ്ങും അമിത് ഗുപ്തയും ഉദ്ഘാടനത്തിന് താന്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചതായി രാജന്‍ സിങ് ചൗഹാന്‍ തന്നോട് പറഞ്ഞു. ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ട തിരക്കിലായതിനാല്‍ താന്‍ രണ്ട്- മൂന്ന് മിനുട്ടിനുള്ളില്‍ റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അത് റസ്റ്ററന്റല്ല, നൈറ്റ് ക്ലബ്ബാണെന്നറിഞ്ഞത്. അത് മദ്യശാലയാണെന്നും ചിലര്‍ പറഞ്ഞറിയാന്‍ കഴിഞ്ഞു. ഇതേതുടര്‍ന്ന് താന്‍ റസ്‌ററന്റിന്റെ ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഉടമസ്ഥര്‍ അത് കാണിച്ചു തന്നില്ല. അതിനര്‍ഥം എല്ലാകാര്യങ്ങളും അവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കുകയായിരുന്നു. തന്റെ പവിത്രമായ പ്രതിഛായക്ക് കളങ്കം വരുത്തുന്നതായിരുന്നതാണ് ഈ സംഭവം. റസ്റ്ററന്റ് എന്ന വ്യാജേന നടത്തുന്ന ഈ ബാറിനെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.