
കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് ആർഎസ്എസ്സുകാർ അറസ്‌റ്റിൽ ആയിരിക്കയാണ് .സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഭവം ഇടവേളക്ക് ശേഷം കണ്ണൂരിനെ വീണ്ടും കലുഷിതമാക്കുന്നു. കണ്ണവം ചുണ്ടയിലെ അഷ്ന നിവാസിൽ ആശിക്‌ലാൽ, അഞ്ജുനിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രബിൻ (കണ്ണൻ) എന്നിവരാണ് അറസ്‌റ്റിലായത്. കൊലയാളി സംഘത്തിൽ 11 പേരുള്ളതായാണ് പൊലീസ് നിഗമനം. നേരത്തെ ആസൂത്രണം ചെയ്‌തതനുസരിച്ചാണ് ബൈക്കിൽ പിന്തുടർന്ന് അപകടമുണ്ടാക്കിയശേഷം സലാഹുദ്ദീനെ വെട്ടിക്കൊന്നത്. കസ്‌റ്റഡിയിലുള്ളവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കും.
സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നാലെ പരസ്പ്പരം വെല്ലുവിളിച്ചു കൊണ്ട് ഇരുകൂട്ടരും രംഗത്തുണ്ട്. പോപ്പുലർ ഫ്രണ്ടുകാർ സലാഹുദ്ദീന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് മുദ്രാവാക്യം വിളിച്ചു ആവർത്തിക്കുമ്പോൾ ആർഎസ്എസുകാർ അടുത്തയാളെ ലക്ഷ്യമിടുന്നു എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുന്നത്. ഇങ്ങനെ പരസ്പ്പരം വെല്ലുവിളി മുറുകുമ്പോൾ അതീവ ജാഗ്രതയിലാണ് കണ്ണൂർ പൊലീസ്. ഇന്നലെ സലാഹുദ്ദീന്റെ മൃതദേഹം ഖബറടക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. ഈ ചടങ്ങിൽ വികാരപരമായ മുദ്രാവാക്യം വിളികളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം തുടർന്നുള്ള ദിവസങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള പൊലീസ് മുൻകരുതലിലേക്കാണ് വിരൽചൂണ്ടുന്നത്.
ബുധനാഴ്ച പുലർച്ചെ ചുണ്ടയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൊലയിൽ ഇവർ നേരിട്ട് പങ്കെടുത്തോ എന്ന് വ്യക്തമല്ല. കുറ്റകൃത്യത്തിൽ കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
അതേസമയം സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതിന് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു പ്രതികൾ. പ്രതികളെന്ന് സംശയിക്കുന്നവർ കാർ വാടകയ്‌ക്കെടുത്തത് റെന്റ് എ കാർ വ്യവസ്ഥയിൽ കോളയാട് ചോലയിലെ സജേഷിൽനിന്നായിരുന്നു. സെപ്റ്റംബർ രണ്ടിന് ഉച്ചയോടെ കണ്ണവത്തിനടുത്ത ചുണ്ടയിൽനിന്നെന്ന് പറഞ്ഞ് രണ്ടു പേർ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. അടുത്ത സ്ഥലമായതുകൊണ്ട് സംശയം തോന്നിയില്ല.
പെണ്ണുകാണൽ ചടങ്ങിന് രണ്ടോ മൂന്നോ ദിവസത്തേക്ക് വേണമെന്നാണ് പറഞ്ഞത്. ദിവസം 1200 രൂപയാണ് വാടക നിശ്ചയിച്ചത്. ആധാർ കാർഡും മറ്റ് രേഖകളും അഡ്വാൻസ് ആയി കുറച്ച് പണവും വാങ്ങിയ ശേഷം കാർ കൊടുത്തു. അഭി എന്ന് വിളിക്കുന്ന അമൽ ആണ് രേഖകളുടെ കോപ്പി നൽകി കാർ കൊണ്ടുപോയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായി ഓർക്കാൻ കഴിഞ്ഞില്ല. ആധാർ കാർഡിൽ ഫോട്ടോയുണ്ടെങ്കിലും വ്യക്തതക്കുറവുണ്ടായിരുന്നു. മൂന്നോ നാലോ ദിവസത്തിനകം കാർ തിരികെത്തരുമെന്നാണ് പറഞ്ഞത്.
പക്ഷേ, കിട്ടാതിരുന്നപ്പോൾ വിളിച്ചു. രണ്ടുദിവസത്തിനകം തരാം എന്നാണ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് രണ്ടു മൂന്നു തവണ നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കുറ്റകൃത്യത്തിനാണ് കാർ കൊണ്ടുപോയതെന്ന് മനസ്സിലായതെന്ന് സജേഷ് പറഞ്ഞു. ബെംഗളൂരുവിൽ ബിസിനസ് നടത്തിയിരുന്ന സജേഷ് അഞ്ചാറു വർഷം മുമ്പ് അത് അവസാനിപ്പിച്ച് നാട്ടിൽ പലചരക്കുകട തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് അനൗപചാരികമായി റെന്റ് എ കാർ പരിപാടി തുടങ്ങിയതെന്ന് സജേഷ് പറഞ്ഞു. നമ്പൂതിരിക്കുന്ന് അമ്മാറമ്പ് കോളനി റോഡിൽ റബ്ബർതോട്ടത്തിന് സമീപം വിജനസ്ഥലത്തുനിന്നാണ് കാർ കണ്ടെടുത്തത്.
വിരലടയാള-ഫോറൻസിക് വിദഗ്ദ്ധർ ഇത് വിശദമായി പരിശോധിച്ചു. അതേസമയം, രണ്ടാം തീയതിതന്നെ കാർ വാടകയ്‌ക്കെടുക്കുകയും എട്ടാം തീയതി കൃത്യം നടത്തുകയും ചെയ്തത് ഗൂഢാലോചനയുടെ ആഴം വെളിവാക്കുന്നു. സലാഹുദ്ദീൻ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും പ്രതികൾ തക്കംപാർത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.
മുഖ്യമായും അഞ്ചോ ആറോ പേരാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പൊലീസ് കരുതുന്നു. ബൈക്കിൽ വന്ന് കാറിനിടിച്ച ആളെ കൂടാതെ നാലോ അഞ്ചോ പേർ ആക്രമണസംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഒരാൾ സലാഹുദ്ദീന്റെ കാലിനും മറ്റൊരാൾ കൈയ്ക്കും പിടിച്ചുവെച്ചുവെന്നും മറ്റ് രണ്ടുപേർ ചേർന്ന് വെട്ടിയെന്നും സലാഹുദ്ദീന്റെ സഹോദരി റായിദ പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ റായിദ തലശ്ശേരി സഹകരണാസ്പത്രിയിലായിരുന്നു. കഴിഞ്ഞ രാത്രി ഡിസ്ചാർജ് ചെയ്ത ഇവരിൽനിന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽവെച്ച് നാർക്കോട്ടിക് സെൽ എ.എസ്‌പി. രേഷ്മ സംഭവം വിശദമായി ചോദിച്ചറിഞ്ഞു.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെടുത്തു. കോളയാട് ചോലയിലെ ഒരാളിൽനിന്ന് സെപ്റ്റംബർ രണ്ടിന് റെന്റ് എ കാർ വ്യവസ്ഥയിൽ അഭി എന്ന് വിളിക്കുന്ന അമലും മറ്റൊരാളും ചേർന്നാണ് കാർ എടുത്തത്. അമലിന്റെ ആധാർ കാർഡ് അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. സലാഹുദ്ദീന്റെ കാറിൽ ഇടിച്ച് മനപ്പൂർവം അപകടം വരുത്തിയ ബൈക്ക് യാത്രികനെയും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞു. സലാഹുദ്ദീനൊപ്പമുണ്ടായിരുന്ന സഹോദരി റായിദയുടെ മൊഴി അന്വേഷണത്തിൽ നിർണായകമായി.
കൂത്തുപറമ്പിൽനിന്ന് കൊലപാതകം നടന്ന കൈച്ചേരി വളവ് എത്തുന്നതിന് തൊട്ടുമുമ്പുള്ള പൂവത്തിൻകുഴിയിൽ സ്ഥാപിച്ച സി.സി.ടി.വി.യിൽനിന്നാണ് ബൈക്ക് യാത്രികനെ മനസ്സിലാക്കിയത്. നീലഷർട്ടും കാവിമുണ്ടും ധരിച്ചിരുന്ന ഇയാൾ ഹെൽമെറ്റും വെച്ചിരുന്നു. ബൈക്ക് കാറിൽ ഇടിച്ചപ്പോൾ ഹെൽമറ്റ് തെറിച്ചുപോയി. നിലത്തുവീണ ഇയാളുടെ മുഖം റായിദ കണ്ടിരുന്നു. സി.സി.ടി.വി. ദൃശ്യവും റായിദയുടെ മൊഴിയും ചേർത്ത് നടത്തിയ പരിശോധനയിൽ പൊലീസിന് നേരത്തെ പരിചയമുള്ളയാളാണിതെന്ന് വ്യക്തമായി. അപകടത്തിൽ ഇയാളുടെ കാലിന് ചെറിയ പരിക്കേറ്റതായി സംശയിക്കുന്നു.
കണ്ണവം ഭാഗത്തുനിന്നുവന്ന കാറിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് റായിദ മൊഴി നൽകിയിരുന്നു. 12 എന്ന അക്കം കാർനമ്പറിനുണ്ടായിരുന്നതായും പറഞ്ഞു. അമ്മാറമ്പ് കോളനി റോഡിൽനിന്ന് കണ്ടെടുത്ത കാറിന്റെ നമ്പർ കെ.എൽ. 58 ടി 1217 ആണ്. സംഭവസ്ഥലത്തുനിന്ന് പൂവത്തിൻകുഴി വന്ന് പരശ്ശുറോഡ് വഴി നമ്പൂതിരിക്കുന്നിലെത്തി അവിടന്ന് അമ്മാറമ്പ് കോളനി റോഡിലെത്തിയെന്നാണ് കരുതുന്നത്. കണ്ണവം വനാതിർത്തിയിലാണ് റോഡ് അവസാനിക്കുന്നത്. റോഡിന്റെ എതിർവശം റബ്ബർത്തോട്ടമാണ്. റബ്ബർമരം റോഡിലേക്ക് വീണുകിടന്നിരുന്നതിനാൽ വനാതിർത്തിയോളം പോകാൻ കഴിഞ്ഞില്ല.
സംഭവസ്ഥലത്തുനിന്ന് നാലുകിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം. ചൊവ്വാഴ്ച 3.40-നാണ് കൊലപാതകം നടന്നത്. നാലുമണിക്ക് കാർ ഇതുവഴി കടന്നുപോകുന്നത് കണ്ടതായി കോളനിവാസികൾ പറഞ്ഞു. പലരും മദ്യപിക്കാൻ പോകുന്നതുകൊണ്ട് അവർ ശ്രദ്ധിച്ചില്ല. ബുധനാഴ്ച രാവിലെ റബ്ബർ ടാപ്പിങ്ങിനുപോയ തൊഴിലാളികളാണ് കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അവർ പൊലീസിനെ അറിയിക്കുകയായിരുന്നു. കാർ കിടന്ന സ്ഥലത്തുനിന്ന് 15 മിനിറ്റ് നടന്നാൽ കണ്ണവം ടൗണിലെത്താം. വാഹനത്തിലാണെങ്കിൽ പത്തുമിനിട്ടുകൊണ്ട് ചെറുവാഞ്ചേരിയിലേക്കും എത്താം. ഈ വഴികളിലൊന്നാണ് പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. മേഖല നന്നായി അറിയുന്ന ആൾ കൂടെയുണ്ടായിരുന്നതായും കരുതുന്നു.
സംഘം കൃത്യം നടത്തുന്നതിന് മുമ്പ് പുഴക്കരയിൽ ഒത്തുകൂടി മദ്യപിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണവത്ത് ശ്യാമപ്രസാദ് കേസിലെ പ്രതികളായ എസ്‌ഡിപിഐക്കാരുടെ ഫോട്ടോ അടക്കമുള്ള ഭീഷണി ബോർഡ് ശിവജി ബോയ്‌സിന്റെ പേരിൽ സ്ഥാപിച്ചിരുന്നു. മൃതദേഹം വെളുമ്പത്ത് മഖാം ശരീഫ് കബർസ്ഥാനിൽ കബറടക്കി. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.