ശമ്പള വിതരണം യഥാസമയത്ത് പൂര്‍ത്തിയാക്കുമെന്ന് ധനവകുപ്പ്. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ട്രഷറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രഷറികള്‍ ഇന്ന് രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിക്കും.
ജില്ലാട്രഷറികളിലും ട്രഷറി ഡയറക്ടേറ്റിലും ഹെല്‍പ് ഡെസ്‌ക് തുറന്നു. ബില്ലുകള്‍ പാസാക്കുന്നതില്‍ സാങ്കേതിക തടസമുണ്ടെങ്കില്‍ പ്രത്യേക സഹായം ലഭ്യമാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇന്ന് ട്രഷറിയിലെത്തുന്ന എല്ലാ ബില്ലുകളും ഇന്ന് തന്നെ പാസാക്കും. സാലറി ചലഞ്ച് ഉത്തരവുമായി ബന്ധപ്പെട്ടുണ്ടായ ആശയകുഴപ്പമൂലമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയത്.
ശമ്പള ബില്ലിനോടൊപ്പം ആരൊക്കെ ഈ ചലഞ്ചില്‍ പങ്കെടുക്കുമെന്ന് കാര്യം കൂടി അറിയിക്കേണ്ടതുണ്ടായിരുന്നു അത് പാലിക്കാത്തതിനെ തുടര്‍ന്നാണ് പലയിടത്തും ശമ്പള വിതരണം മുടങ്ങിയത്. മന്ത്രിമാരുടെ ഓഫീസില്‍ പോലും ശമ്പളവിതരണം മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഓഫീസുകളുടെ ശമ്പള ബില്ലുകളാണ് വൈകിയത്. ശമ്പള വിതരണത്തിന്‍റെ ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകള്‍ മാത്രമാണ് മാറിയത്. അയ്യായിരത്തോളം ബില്ലുകളിലായി അമ്പതിനായിരത്തോളം ജീവനക്കാരുടെ ശമ്പളമാണ് ആദ്യ ദിനം വിതരണം ചെയ്തത്.
റവന്യൂ, പൊലീസ്, ജൂഡീഷ്യറി, സെക്രട്ടേറിയറ്റ് വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ബില്ലുകളാണ് സാധാരണ നിലയില്‍ ആദ്യദിനം വിതരണം ചെയ്യാറുളളത്. സാലറി ചലഞ്ചില്‍ സുപ്രീം കോടതി ഉത്തരവ് വന്നത് ഒക്ടോബര്‍ 29നും ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത് 31നുമാണ് അതിന്റെ അടിസ്ഥാനത്തില്‍ ധനവകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത് ചൊവ്വാഴ്ച ഉച്ചയോടെയുമാണ് ഇതാണ് പലയിടത്തും ശമ്പള വിതരണം പ്രതിസന്ധിയിലാക്കിയത്. മാസത്തിലെ ആദ്യ ആഴ്ചയില്‍ ശമ്പള വിതരണം പൂര്‍ത്തിയാക്കാറാണ് പതിവ് ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് ധനവകുപ്പ് അറിയിച്ചത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയുളള ഹര്‍ജി സുപ്രീം കോടതിയും തളളിയിരുന്നു.
പണം നല്‍കാത്തവര്‍ അപമാനിതരാകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തത്. പിരിച്ച പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.


