ദില്ലി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളില്‍ നിന്ന് വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുകയാണ് അത് നിയമത്തിനെതിരെ നിൽക്കുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കപില്‍ സിബലിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പാര്‍ട്ടി വിരുദ്ധ നിലപാടുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
സിഎഎ നടപ്പിലാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡ വ്യക്തമാക്കിയിരിക്കുന്നത്. ഒരു നിയമം പാര്‍ലമെന്റ് പാസ്സാക്കിക്കഴിഞ്ഞാല്‍, ഭരണഘടന പ്രകാരം ഒരു സംസ്ഥാനത്തിനും ആ നിയമം പാസ്സാക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. അങ്ങനെ പറയാനും പാടില്ല. അതേസമയം നിയമപരമായി പരിശോധിച്ച് നീങ്ങാമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാന്‍ സാധിക്കില്ലെന്ന് കപില്‍ സിബലും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിയമത്തെ എതിര്‍ക്കാനും നിയമസഭയില്‍ പ്രമേയം പാസ്സാക്കാനും നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കഴിയും. എന്നാല്‍ നടപ്പാക്കാതിരിക്കാനാവില്ല എന്നാണ് കപില്‍ സിബല്‍ പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണ് എന്ന് സുപ്രീം കോടതി വിധിക്കുകയാണെങ്കില്‍ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടിലാവും എന്നും കപില്‍ സിബല്‍ കോഴിക്കോട് വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പറയുകയുണ്ടായി. അതേസമയം സംസ്ഥാനങ്ങള്‍ സിഎഎ നടപ്പിലാക്കാതിരിക്കാനാവില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സിഎഎ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് തന്റെ നിലപാടെന്നും കപില്‍ സിബല്‍ പിന്നീട് തിരുത്തി.
നിയമസംഹിതയില്‍ പറഞ്ഞിട്ടുളള കാര്യങ്ങള്‍ അനുസരിക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ അതിനനുസരിച്ചുളള പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല എന്ന അഭിപ്രായമാണ് സല്‍മാന്‍ ഖുര്‍ഷിദും മുന്നോട്ട് വെച്ചത്. സുപ്രീം കോടതിയുടെ അന്തിമ വിധി വരെ കാത്തിരിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
പാര്‍ട്ടിക്ക് ഭരണമുളള പഞ്ചാബില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നു. പിന്നാലെ കോണ്‍ഗ്രസ് അധികാരത്തിലുളള മറ്റ് സംസ്ഥാനങ്ങളിലും പ്രമേയം പാസ്സാക്കാനുളള നീക്കത്തിലാണ്.കോണ്‍ഗ്രസ് പ്രതിപക്ഷമായിരിക്കുന്ന കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കില്ല എന്ന് മന്ത്രിസഭ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളും രാജസ്ഥാനും തെലങ്കാനയും പഞ്ചാബും അടക്കം മിക്ക ബിജെപി ഇതര സംസ്ഥാനങ്ങളും തങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെയും നിലപാട്.