തിരുവനന്തപുരം: ശബരിമല വിധി വന്നതിന് പുറമെ സര്‍ക്കാരിനും പോലീസിനുമെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അട്ട ചിത്തിരയ്ക്ക് നവംബര്‍ 5ന് നട തുറക്കാനിരിക്കെ ശബരിമലയില്‍ കലാപത്തിനായി പോലീസിനെ കരിവാരിത്തേച്ച് വിശ്വാസികളെ കൂടെ നിര്‍ത്താനാണ് ഏറ്റവുമൊടുവില്‍ സംഘപരിവാറിന്റെ ശ്രമം.
കറുത്ത വസ്ത്രവും ചന്ദനക്കുറിയും ഇരുമുടിക്കെട്ടുമായി കൈയ്യില്‍ അയ്യപ്പവിഗ്രഹവുമേന്തിയിരിക്കുന്ന ഭക്തനെ കാട് പോലെ തോന്നിക്കുന്ന സ്ഥലത്ത് ഷൂസ് ധരിച്ച, കാക്കി പാന്റിട്ട പോലീസ് ചവിട്ടുന്നതായാണ് ഇപ്പോള്‍ ഫോട്ടോകള്‍ പ്രചരിക്കുന്നത്. കൈയ്യില്‍ ലാത്തിയോട് സമാനമായ വടിയുമുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ: ”ഈ ചിത്രം കേരള മനസാക്ഷിയെ ചിന്തിപ്പിക്കുന്നതെന്ത് ? cpm ഓരോ ഹൈന്ദവ വിശ്വാസികളും എടുക്കേണ്ട തീരുമാനം? ശക്തമായി നേരിടുക വിജയം സ്വാമി അയ്യപ്പന്റത്”. ഇതുപോലെ കഴുത്തില്‍ ആരോ കത്തി പിടിക്കുമ്പോള്‍ പേടിച്ച് നില്‍ക്കുന്ന ഭക്തന്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ വ്യാജ പ്രചരണങ്ങളെ അപ്പാടെ പൊളിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇപ്പോഴാകട്ടെ ഈ ഫോട്ടോകള്‍ മീമായി വെച്ച് ട്രോളുകളും വന്നു തുടങ്ങി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കൊപ്പം ഭക്തന്‍ നില്‍ക്കുന്ന ഫോട്ടോയും ഭക്തന്റെ മുഖത്തെ പേടിച്ച ഭാവവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഇത്തരത്തില്‍ വ്യാജ ഫോട്ടോകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമം.