അധികാരത്തിലിരിക്കുന്നവരുടെ മുന്നില്‍ മുട്ടിലിഴയലല്ല ഒരു ഐപിഎസുകാരന്റെ കടമ സഞ്ജീവ് ഭട്ട്

ഗുജറാത്ത് കലാപത്തെ കുറിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ നിലപാടെടുത്തിതിന്റെ പേരില്‍
സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. 2002ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ ഹാജരായതിനു ശേഷമാണ് ഭട്ടിനെതിരെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കലാപത്തെക്കുറിച്ചുള്ള മുഴുവന്‍ തെളിവുകളും പൂഴ്ത്തിവെച്ചതിനുശേഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. സര്‍ക്കാറിനെതിരായ നിയമപോരാട്ടത്തെക്കുറിച്ചും പിരിച്ചുവിടല്‍ നടപടിയെക്കുറിച്ചും സഞ്ജീവ് ഭട്ട് സംസാരിക്കുന്നു
സര്‍വ്വീസില്‍ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
1988 ആഗസ്തിലാണ് ജോലി പ്രവേശിക്കുന്നത്. 27വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയിട്ടാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും പരിഹസിക്കുന്ന തരത്തില്‍ നന്നായി അഭിനയിച്ചിരുന്നു. അതിനോടെനിക്ക് വെറുപ്പായിരുന്നു. ഏകപക്ഷീയമായ ഒരു അന്വേഷണത്തിനൊടുവിലാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ അറിയാത്ത ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അന്വേഷണത്തിനൊടുവില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപെടുന്ന ആദ്യത്തെ ഐപിഎസ് ഓഫീസര്‍ ഞാനായിരിക്കും.

എന്നാല്‍, താങ്കളെന്തുകൊണ്ടാണ് അന്വേഷണനടപടികളില്‍ പങ്കെടുക്കാതിരുന്നത്?
ഞാന്‍ സന്നദ്ധനായിരുന്നു. സത്യസന്ധവും ഭരണഘടനാപരവുമായ ഏതൊരന്വേഷണത്തെയും നേരിടാന്‍ എപ്പോഴും സന്നദ്ധനായിരുന്നു. എന്നാല്‍, ദുര്‍ബലവും നിസ്സാരവുമായ വിഷയത്തിലായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടിരുന്നത്. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും, എന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ വിവരങ്ങളോ രേഖകളോ എനിക്ക് ലഭിച്ചില്ല. കേസിന്റെ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടുതന്നെ, നടപടിക്ക് പുറത്തു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തൊക്കെയാണ് താങ്കള്‍ക്കെതിരായ കേസുകളും ആരോപണങ്ങളും?
എനിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തെല്ലാമാണെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം ഇപ്പോഴും എനിക്കില്ല. എന്നിരുന്നാലും ദുര്‍ബലമായ ആരോപണങ്ങളാണുള്ളതെന്ന് എനിക്കറിയാം. ഔദ്യോഗിക വാഹനത്തിന്റെയും മറ്റ് സംവിധാനങ്ങളുടെയും ദുരുപയോഗം, അനധികൃതമായി വിട്ടുനില്‍ക്കല്‍ തുടങ്ങിയ നിസ്സാരമായ കുറ്റങ്ങളാണ് എന്റെ ആരോപിക്കപ്പെട്ടിട്ടുള്ളത്. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ ഞാന്‍ ഹാജരായതിനുശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കലാപത്തിന്റെ വിശദമായ വിവരങ്ങള്‍ ഞാന്‍ പുറത്തുപറയാന്‍ ആരംഭിച്ചപ്പോള്‍ എന്റെ സര്‍വ്വീസ് റെക്കോഡ് മോശമാക്കാനും എന്റെ യശസിന് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളും അവര്‍ ആരംഭിച്ചു.

ശ്രീ ഭട്ട് ധിക്കാരിയും നിയമത്തിന് കളങ്കമുണ്ടാന്നതും അച്ചടക്കത്തെ അവഹേളിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എന്ന വിശദീകരണമാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതിന് കേന്ദ്രആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണം
ആഭ്യന്തര മന്ത്രാലയം എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്? അവരുടെ കാലുപിടിക്കുമെന്നോ? തൊഴു കൈയ്യുമായി അവരുടെ മുന്നില്‍ അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ചെല്ലുമെന്നോ? കുടില ശക്തികളോട് നട്ടെല്ലോടെ പോരാടുകയെന്നതാണ് ഒരു ഐപിഎസുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അധികാരത്തിലുള്ളവര്‍ക്ക് സഹായം ചെയ്യലല്ല ഒരു ഐപിഎസുകാരന്റെ കടമ

ഈ യുദ്ധത്തില്‍ തോല്‍ക്കുമ്പോള്‍ കുറ്റബോധം തോന്നില്ലേ?

പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു യുദ്ധമാണ് താന്‍ നടത്തുന്നത്. ന്യായത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പരാജയപ്പെടുന്നതില്‍ ഒട്ടും ദുഃഖമില്ല. അവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങില്ല. ഒരു ഘട്ടത്തിലും സമവായ ശ്രമങ്ങളുടെ ഭാഗമാകില്ല. ഞാന്‍ സ്വയം തെരഞ്ഞെടുത്ത യുദ്ധമാണിത്.

എന്താണ് താങ്കളുടെ അടുത്ത പരിപാടി?

ഇപ്പോള്‍ ഒരു വിശ്രമം ആവശ്യമാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ വിശ്രമം ആവശ്യമാണ്. മകള്‍ ഓക്‌സ്‌ഫോര്‍ഡില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. വിദേശത്തു പോകുന്നതില്‍ കോടതി എനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അവളുടെ കൂടെ പോകണം. എന്റെ പോരാട്ടത്തില്‍ എപ്പോഴും പിന്തുണ നല്‍കിയ കുടുംബത്തോടൊപ്പം കഴിയുന്നത് സന്തോഷം തരുന്ന കാര്യമാണ്. മകന്‍ ലണ്ടനിലാണ്. എന്റെ പുറത്താക്കിയതിന്റെ വിവരങ്ങള്‍ അവനറിയാം. അന്നേ ദിവസം അവന്‍ എനിക്കൊരു മെയില്‍ അയച്ചിരുന്നു. ‘പപ്പാ, താങ്കളുടെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു’.

ഏകപക്ഷീയമായ അന്വേഷണത്തിനൊടുവില്‍ താങ്കളെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നടപടിയുമായി മുന്നോട്ടു പോകുമോ?
അക്കാര്യത്തെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടില്ല.
കടപ്പാട്: ദി ഹിന്ദു ദിനപത്രം

Top