34 വര്‍ഷത്തിനു ശേഷം യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നും പ്രഖ്യാപനത്തിന് കാത്തിരിക്കുന്നു, 30 ലക്ഷം പ്രവാസി പ്രതീക്ഷകള്‍

ദുബാ‌യ്. പ്രവാസി വോട്ട് ഉള്‍പ്പെടെ എത്രയോ പ്രതീക്ഷകളുടെ ഭാരവുമായാണു യുഎഇയിലെ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നത്; 34 വര്‍ഷത്തിനു ശേഷം യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍നിന്ന് അവര്‍ ഏറെ പ്രതീക്ഷിക്കുന്നു. ഇതര ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കും സന്ദര്‍ശനം ആവേശം പകരുന്നു. അവരും ദുബായിലെ സ്വീകരണപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനം വലിയ പ്രഖ്യാപനങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് 30 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഇന്ത്യക്കാരില്‍ നിന്നു ഗള്‍ഫിലെ ഇന്ത്യക്കാരെ വ്യത്യസ്‌തമാക്കുന്ന ഘടകങ്ങളേറെയാണ്. പ്രതികൂലകാലാവസ്‌ഥയുമായി മല്ലിട്ട് താരതമ്യേന കുറഞ്ഞവേതനത്തില്‍ കുടുംബവുമായി വേറിട്ടുകഴിയുന്നവരാണ് ഗള്‍ഫുകാര്‍. ഗള്‍ഫില്‍ പകുതിയിലേറെയും ‘നീലക്കോളര്‍’ ഗണത്തില്‍ പെടുന്ന സാധാരണക്കാരാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടില്‍ പോകാന്‍ കഴിയുന്ന വലിയൊരുവിഭാഗം ഇപ്പോഴുമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് പലപ്പോഴും ഇതിനു കാരണമാകുന്നത്. ഏറ്റവും മികച്ച പരിശീലനം കിട്ടിയ അതിവിദഗ്‌ധ വിഭാഗം തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളത് ഗള്‍ഫിലാണ്. സാധാരണതൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നത ജോലിയുള്ളവരും ഇവിടെയുണ്ട്.

ഇവരുടെ മികവ് ഇന്ത്യക്കും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയം വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്‌തമായ രൂപരേഖ തയാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ മോദിയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും ജോലിചെയ്യുന്ന യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു ലഭിക്കുന്ന വരവേല്‍പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള പുനര്‍കയറ്റുമതിക്ക് ഏറ്റവും ആശ്രയിക്കാവുന്ന വിശ്വസ്‌ത രാജ്യമാണ് യുഎഇ എന്നതും പ്രത്യേകതയാണ്. വിശാലമായ തീരം, ആകര്‍ഷകമായ കസ്‌റ്റംസ് നടപടിക്രമങ്ങള്‍, ചരക്കുകള്‍ സൂക്ഷിക്കാനുള്ള അത്യാധുനിക സംവിധാനം എന്നിവ ചിലപ്രത്യേകതകളാണ്. ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് എളുപ്പം പോകാനാവുമെന്നതും നേട്ടമാണ്. ഏറ്റവും മികച്ച ജലപാത തുറന്നുകിടക്കുന്നു.

വ്യാപാരമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു പുറമേ സുരക്ഷാകാര്യങ്ങളിലും സാമൂഹിക–സാംസ്‌കാരിക–വിദ്യാഭ്യാസ പദ്ധതികളിലുമെല്ലാം സഹകരണത്തിനുള്ള സാധ്യതകള്‍ തുറന്നു കിടക്കുന്നു. ഓട്ടമൊബീല്‍ രംഗത്തും സാധ്യതകളേറെയാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കള്‍ക്ക് നിലവില്‍ യുഎഇയില്‍ യൂണിറ്റുകളുണ്ട്. പല മേഖലകളിലും ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മോദിയുടെ സന്ദര്‍ശനം സഹായകമാകുമെന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ മേഖലയിലെ ഭരണാധികാരികളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കാനും പ്രവാസികളുടെ കാലങ്ങള്‍നീണ്ട ആവശ്യങ്ങളുടെ നിജസ്‌ഥിതി ബോധ്യപ്പെടാനും അവസരമൊരുക്കും. ലേബര്‍ ക്യാംപ് സന്ദര്‍ശനത്തോടെ ഗള്‍ഫിലെ സാധാരണപ്രവാസിയുടെ ജീവിതത്തെക്കുറിച്ച് വ്യക്‌തമായ ധാരണ ലഭിക്കുന്നതിനും അവസരമൊരുങ്ങുമെന്നാണു കരുതുന്നത്.

Top