അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. വ്യവസായിയായ എം.എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തുഷാറിന് ജാമ്യം ലഭിച്ചത്. ജാമ്യത്തുകയായ രണ്ട് കോടി രൂപ കെട്ടിവച്ചതോടെയാണ് ജയില്‍മോചനം സാധ്യമായത്.
20 കോടി രൂപയോളം വരുന്ന ചെക്ക് കേസിലാണ് തുഷാറിനെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാളെ അവധി ദിവസമായതിനാല്‍ നേരത്തെ തന്നെ മോചനം സാധ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തുഷാറിന്‍റെ യുഎഇയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.
എന്നാല്‍, നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി താന്‍ പണം നല്‍കിയിരുന്നെന്നാണ് തുഷാറിന്‍റെ വാദം. എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണ്. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയതന്നും തുഷാര്‍ പ്രതികരിച്ചു.
അതേസമയം പരാതിക്കാരന്‍റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. നാസില്‍ അബ്ദുല്ലയുടെ മതിലകത്തെ വീട്ടിലാണ് പോലീസ് എത്തിയത്. വിശദാംശങ്ങള്‍ തിരക്കാനാണ് എത്തിയതെന്നാണ് പോലീസിന്‍റെ വിശദീകരണം.