അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടപ്പോള്‍ മാത്രം ആദിവാസി സ്‌നേഹം വഴിഞ്ഞൊഴുകുകയാണ് എല്ലായിടത്തും. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറയുന്ന പലരും സ്വജീവിതത്തില്‍ ആദിവാസികളെ പരിഗണിക്കാത്തവരാണ് എന്നതാണ് സത്യം. സിനിമ മേഖലയില്‍ നിന്നുും രാഷ്ട്രീയക്കാരില്‍ നിന്നും ഉയരുന്ന പല സ്വരങ്ങളും കപടമാണ്.
സാമൂഹ്യ പ്രവര്‍ത്തനവും പ്രതികരണങ്ങളും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കാനുള്ള വഴികളാണ് പലര്‍ക്കും. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്ക്. സിനിമക്കാരാണെങ്കില്‍ തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ കൂടി ഇതിനിടെ നടത്തും. ബിസിനസ് നടത്തുന്ന സിനിമക്കാരാകട്ടെ തങ്ങളുടെ കമ്പനിയുടെ വകയായി കുറച്ചു ഗുളികയോ ഒരു കമ്പിളിപ്പുതപ്പോ നല്കി ഫ്രീയായിട്ട് പബ്ലിസിറ്റിയും ഒപ്പിക്കും.
എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു സെലിബ്രിറ്റിയും നമ്മുടെ ഇടയിലുണ്ട്. സന്തോഷ് പണ്ഡിറ്റ് എന്ന ഒരു സിനിമക്കാരന്‍. മുഖ്യധാര പ്രബുദ്ധ സിനിമക്കാര്‍ ഒരുകാലത്ത് പിന്തള്ളിയ അതേ പണ്ഡിറ്റ് തന്നെ.
ജനസേവനവും മുതലക്കണ്ണീരും പബ്ലിസിറ്റിക്കായി മാത്രം നടത്തുന്ന സെലിബ്രിറ്റികള്‍ക്ക് ഇടയില്‍ പണ്ഡിറ്റ് വ്യത്യസ്തനാകുന്നത് ഇവിടെയാണ്. എല്ലാ മാസവും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ആളുകള്‍ക്ക് മാറ്റിവയ്ക്കുകയാണ് സന്തോഷ് ചെയ്യുന്നത്. അതില്‍ ദളിതരും ആദിവാസികളും രോഗികളും ഉണ്ടാകാം.
സന്തോഷ് തന്നെ ഇവരെ കണ്ടെത്തി അര്‍ഹരായവരുടെ കൈകളിലേക്ക് മരുന്നായും വസ്ത്രങ്ങളായും ചെറിയ സംഭാവന നല്കുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ അട്ടപ്പാടിയിലെ ആദിവാസി പ്രദേശത്താണ് സന്തോഷ് എത്തിയത്.
മുഖ്യധാര സിനിമയുടെ ഭാഗമായതിന്റെ വകയില്‍ ലഭിച്ച പ്രതിഫലത്തിന്റെ ഒരുവിഹിതവും അന്ന് നാട്ടുകാര്‍ക്കായി നല്കി അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചശേഷമാണ് അദേഹം മടങ്ങിയത്. മധു മരിച്ചയുടനെ അനുജനും മകനുമൊക്കെയാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട സെലിബ്രിറ്റികള്‍ക്ക് ഒരു പാഠപുസ്തകമാണ് പണ്ഡിറ്റെന്ന് ജനങ്ങളും പറയുന്നു.