കായംകുളം:സരിതയുടെ സോളാര്‍ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു ആരോപണം .എന്നാല്‍ ഇപ്പോള്‍ പോലീസ് സേനയില്‍ ജോലി വിവാദം ആഭ്യന്തരവകുപ്പിനെ പഴിചാരുന്ന വിധത്തിലേക്ക് എത്തുന്നു. പോലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയോളം രൂപ തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം കായംകുളത്തു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യപ്രതി തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ(23) പോലീസിനു നല്‍കിയ മൊഴിയും കഴിഞ്ഞ ദിവസം ഇവര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്കു നല്‍കി. കോടതി റിമാന്‍ഡ് ചെയ്ത ശരണ്യയെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ശരണ്യയുടെ ജോലി തട്ടിപ്പ് ക്രൈംബ്രാഞ്ച് ഉടന്‍ കേസ് ഏറ്റെടുക്കും
തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണു മുഖ്യപ്രതി ശരണ്യയുടെ വെളിപ്പെടുത്തല്‍. സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കേസൊതുക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപവും ശക്തമാണ്.
ശരണ്യയുടെ സഹായി കരുവാറ്റ കുമാരപുരം ശിവശൈലത്തില്‍ രാജേഷ് (33), ശരണ്യയുടെ പിതാവ് സുരേന്ദ്രന്‍ (56 ), മാതാവ് അജിത(48), അജിതയുടെ സഹോദരീപുത്രന്‍ തോട്ടപ്പള്ളി ചാലേത്തോപ്പില്‍ ശംഭു(21) എന്നിവരും ശരണ്യക്കൊപ്പം റിമാന്‍ഡില്‍ കഴിയുകയാണ്. ശരണ്യക്കെതിരേ കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, തൃക്കുന്നപ്പുഴ, ഹരിപ്പാട്, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ശരണ്യയെ മര്‍ദിച്ചതായുള്ള ആരോപണം കായംകുളം ഡിവൈഎസ്പി ദേവമനോഹര്‍ നിഷേധിച്ചു.
പിടിയിലായ സമയം മുതല്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് ഇവര്‍ നല്‍കിയതെന്നു ഡിവൈഎസ്പി പറഞ്ഞു. എന്നാല്‍, തന്നെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതായും മൊഴി മാറ്റി പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതായുമാണു ശരണ്യ കഴിഞ്ഞ ദിവസം കോടതി പരിസരത്തു മാധ്യമങ്ങളോടു പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഹരിപ്പാട് കോടതിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കുകയായിരുന്നു. 50ഓളം ഉദ്യോഗാര്‍ഥികളുടെ എസ്എസ്എല്‍സി, യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ കോപ്പികളും വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ഫിറ്റ്‌നസ് റിപ്പോര്‍ട്ടുകളും ഫയലുകളാക്കി സൂക്ഷിച്ചിരുന്നതു ശരണ്യയുടെ മുറിയില്‍നിന്നു പോലീസ് കണ്ടെടുത്തിരുന്നു.
ഉദ്യോഗാര്‍ഥികളുടെ ഫോട്ടോ പതിച്ചു സര്‍ക്കാര്‍ മുദ്രയും പോലീസ് സേനയുടെ മുദ്രയും വ്യാജമായി നിര്‍മിച്ചുണ്ടാക്കിയ ഫയലുകളുമാണു കണ്ടെത്തിയത്. കൂടാതെ കണ്ണൂര്‍, വയനാട്, എറണാകുളം, തൃശൂര്‍, മണിയാര്‍ പോലീസ് ക്യാമ്പിലേക്കുള്ള നിയമന ഉത്തരവ്, ശാരീരികക്ഷമത റിപ്പോര്‍ട്ട് തുടങ്ങി മറ്റു ചില വ്യാജ രേഖകളും പോലീസ് കണ്ടെത്തിയിരുന്നു.