
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയ്ക്ക് യതീഷ് ചന്ദ്ര ഐപിഎസിനെയാണ് സര്‍ക്കാര്‍ നിലയ്ക്കലില്‍ നിയോഗിച്ചിരിക്കുന്നത്. മണ്ഡലകാലം വന്നതിന് പിന്നാലെ അവിടെ സ്വീകരിക്കുന്ന നടപടികള്‍ കാരണം ബിജെപിയുടെ കണ്ണില്‍ കരടായി മാറിയിരിക്കുകയാണ് യതീഷ് ചന്ദ്ര. ഇപ്പോള്‍ യതീഷ് ചന്ദ്രയെ പൂട്ടാനായി പതിനെട്ടടവും പയറ്റുകയാണ് ബിജെപി. എന്ത് ചെയ്തിട്ടാണെങ്കിലും യതീഷ് ചന്ദ്രയെ പൂട്ടുകയെന്ന ലക്ഷ്യം മാത്രമേ ബിജെപിക്കും സംഘപരിവാറിനും ഇപ്പോഴുള്ളൂ.
ബിജെപിക്കൊപ്പം യതീഷ് ചന്ദ്രയെ പൂട്ടാന്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയും രംഗത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
പേരക്കുട്ടികള്‍ക്ക് ചോറൂണ്‍ നടത്താന്‍ ശബരിമല സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തന്നെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നിയമത്തിന്റെ വഴിയേ പോകാനാണ് കെപി ശശികലയുടെ നീക്കം. നേരത്തെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തതിന് എതിരെ ശശികല വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. കുഞ്ഞുങ്ങളോടൊപ്പം പോയ തന്നെ തടഞ്ഞതിന് എസ്പിക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മീഷനും കോടതിയിലും പരാതി നല്‍കാനാണ് ശശികലയുടെ തീരുമാനം.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ മന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ യതീഷ് ചന്ദ്ര പെരുമാറിയെന്നും പിന്നീട് രാത്രി മന്ത്രിയുടെ വാഹനം തടഞ്ഞെന്നും ബിജെപി പറയുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന എഎന്‍ രാധാകൃഷ്‌നോടുള്ള യതീഷ് ചന്ദ്രയുടെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും വാദങ്ങളുണ്ട്.