ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയെയും ഉപ നേതാവ് ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്.പാര്‍ട്ടി അണികളുടെ താത്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നു മന്ത്രി ജയകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെ 20 മന്ത്രിമാര്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്. ഇതോടെ അണ്ണാ ഡിഎംകെയില്‍ പനീര്‍ശെല്‍വംപളനിസ്വാമി വിഭാഗങ്ങള്‍ ഒന്നിക്കാന്‍ വഴിതെളിഞ്ഞു. ചിന്നമ്മ എന്നു വിളിക്ക പ്പെട്ടിരുന്ന ശശികലയുടെ കുടുംബത്തില്‍നിന്നു പാര്‍ട്ടിയെ മോചിപ്പിക്കണമെന്ന പനീര്‍ശെല്‍വത്തിന്‍റെ ആവശ്യമാണ് എതിര്‍വിഭാഗം അംഗീകരിച്ചത്.
ശശികല കുടുംബത്തെ പുറത്താക്കാനുള്ള തീരുമാനത്തിന് 122 എംഎല്‍എമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ടെന്നു മന്ത്രി ജയകുമാര്‍ പറഞ്ഞു. മുതിര്‍ന്ന മന്ത്രിമാരായ ദിണ്ഡിഗല്‍ സി. ശ്രീനിവാസന്‍, എസ്.പി. വേലുമണി, ആര്‍.ബി. ഉദയകുമാര്‍, തങ്കണി, സി.വി. ഷണ്‍മുഖം, രാജ്യസഭാ എംപി വി. വൈദ്യലിംഗം എന്നിവരും ജയകുമാറിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയിരുന്നു. അണ്ണാ ഡിഎംകെയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. പനീര്‍ശെല്‍വവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും ജയകുമാര്‍ പറഞ്ഞു. ചെന്നൈയിലുള്ള പനീര്‍ശെല്‍വവുമായി രാത്രിതന്നെ ചര്‍ച്ച നടന്നേക്കുമെന്നാണ് അറിയുന്നത്.
പനീര്‍ശെല്‍വത്തിനു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്കുമെന്നാണു സൂചന. ശശികലകുടുംബം (മന്നാര്‍ഗുഡി മാഫിയ) ഇല്ലാത്ത പാര്‍ട്ടിയിലേക്കു മാത്രമേ താന്‍ മടങ്ങി വരൂ എന്നു പനീര്‍ശെല്‍വം ഇന്ന ലെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യമുണ്ടെങ്കില്‍ മാത്രമേ മടങ്ങിവരവിനായുള്ള ചര്‍ച്ചയ്ക്കുപോലും സാധ്യതയുള്ളൂ എന്നും പനീര്‍ശെല്‍വം ക്യാന്പ് അറിയിച്ചു. പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിന്‍റെ കൈകളില്‍ അകപ്പെടാന്‍ അനുവദിക്കില്ലെന്നതാണ് തന്‍റെ അടിസ്ഥാന തത്ത്വമെന്നു പനീര്‍ശെല്‍വം പറഞ്ഞു. ശശികലയുമായുള്ള അസ്വാരസ്യത്തെയും എതിര്‍പ്പിനെയും തുടര്‍ന്ന് ഫെബ്രുവരിയിലാണ് പനീര്‍ശെല്‍വം പാര്‍ട്ടിക്കു പുറത്തായത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഒപിഎസ് ആവര്‍ത്തിച്ചു. ശശികല ജനറല്‍ സെക്രട്ടറിയായത് പാര്‍ട്ടിയുടെ നിയമാവലിക്ക് വിരുദ്ധമായാണ്. എംജിആര്‍ (എംജി രാമചന്ദ്രന്‍), അമ്മ (ജയലളിത) എന്നിവര്‍ കാണിച്ചുതന്ന ജനാധിപത്യപാത പിന്തുടരാതിരുന്നാല്‍ അത് ജനങ്ങളോടുള്ള അനീതിയാകുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഒരിക്കല്‍ ശശികലയെയും കുടുംബത്തെയും ജയ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നത് അദ്ദേഹം ഓര്‍മിപ്പിച്ചു.ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെയും രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സാന്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടെ ശശികല കുടുംബം തമിഴ്നാടിന് അവമതി ഉണ്ടാക്കുകയാണു ചെയ്തതെന്നും പനീര്‍ശെല്‍വം പറഞ്ഞു.