ഇരിക്കൂറില്‍ ജോസഫിനെ വെട്ടിസ്ഥാനാര്‍ത്ഥിയാകാന്‍ സതീശന്‍ പാച്ചേനിയും സോണിസെബാസ്റ്റ്യനും; പാളയത്തില്‍ പട വന്നതോടെ മണ്ഡലം വിടാന്‍ തയ്യാറായി മന്ത്രി

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫിനെ മാറ്റാന്‍ അണിയറയില്‍ ചരടുവലി ശക്തമാക്കി എ ഗ്രൂപ്പ്. ജോസഫിനെ മണ്ഡലം മാറ്റണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നതും ചരടുവലികള്‍ നടത്തുന്നതും സ്വന്തം പാളയത്തില്‍ നിന്നുതന്നെയാണെന്നതാണ് കെസിക്ക് ഇരുട്ടടിയാകുന്നത്. എട്ട് വര്‍ഷമായി മണ്ഡലത്തില്‍ മത്സരിക്കുന്ന ജോസഫ് ഇരിക്കൂരില്‍ നിന്ന് ഇത്തവണ മാറിയില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകുമെന്നാണ് പ്രദേശിക ഘടകങ്ങളുടെ റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തിലാണ് കെസി ജോസഫിനെ വെട്ടി സതീശന്‍ പാച്ചേനിയെയ്യോ മണ്ഡലത്തിലെ എ കോണ്‍ഗ്രസ് നേതാവുമായ സോണി സെബാസ്റ്റ്യനെയോ രംഗത്തിറക്കാന്‍ നീക്കമാരംഭിച്ചത്. സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കണമെന്നാവശ്യമാണ് കെപിസിസി പ്രസിണ്ടന്റ് വിഎം സുധീരന്‍ ഉന്നയിക്കുന്നത്. കെസി ജോസഫിനെ മാറ്റിയാല്‍ എഗ്രൂപ്പിന്റെ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന പിടിവാശിയിലാണ് ഉമ്മന്‍ചാണ്ടി. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു സതീശന്‍ പാച്ചേനിയെങ്കിലും അടുത്തകാലത്ത് ഉമ്മന്‍ചാണ്ടി ഗ്രൂപ്പുമായി നല്ല രസത്തില്‍ അല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്‍സ്യുമര്‍ ഫെഡ് അന്യോഷണത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതികൂട്ടിലാക്കിയ റിപ്പോര്‍ട്ട് പുറത്തു വിട്ടതും പാച്ചേനിയായിരുന്നു. ഉമ്മന്‍ ചാണ്ടിയോടുള്ള വിരോധം കൊണ്ടായിരുന്നു ഈ നീക്കം. ആ അഴിമതി വിഷയത്തില്‍ പാച്ചേനിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വന്‍ പ്രതിക്കൂട്ടില്‍ ആക്കുകയും ഉമ്മന്‍ ചാണ്ടിക്ക് വന്‍ മാനക്കേടുണ്ടാക്കുയും ചെയ്തു.

‘മാനസ പുത്രനേപ്പോലെ കൊണ്ടു നടന്ന പാച്ചേനി സ്വന്തം ഗ്രൂപ്പുകാരന്‍ തന്നെ ഇത്തരം ഒരു റിപ്പോര്‍ട്ട് കൊടുത്തത് ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനും പ്രതിരോധിക്കാനും ആയില്ല .പ്രതിപക്ഷമിപ്പോഴും പാച്ചേനി റിപ്പോര്‍ട്ട് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടി പച്ചേനിയെ എതിര്‍ക്കുകയും മറ്റൊരാളെ രംഗത്തിറക്കാനും അണിയറ നീക്കം തുടങ്ങി.

മലബാര്‍ മേഖലയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയാണ് സതീശന്‍ പാച്ചേനിയെ വളര്‍ത്തിയത്. കഴിഞ്ഞ കുറേ കാലമായി ചാവേറായി മാത്സരിക്കുന്ന പാച്ചേനിക്ക് ഇത്തവണ വിജയ സാധ്യതയുള്ള സീറ്റ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്തെ ഗ്രൂപ്പ് മാറ്റമാണ് പാച്ചേനിക്ക് വിനയായത്. നിലവില്‍ പാച്ചേനിയുടെ രക്ഷകനായെത്തിയിരിക്കുന്നത് സുധീരനാണ്. അത് കൊണ്ട് തന്നെ കെസി മാറിയാലും പാച്ചേനിയെ അടുപ്പിക്കാന്‍ എ ഗ്രൂപ്പ് തയ്യാറാകില്ല.
ഈ സാഹചര്യത്തിലാണ് ഇന്നലവരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഡിസിസി അംഗം സോണിസെബാസ്റ്റ്യന്‍ രംഗത്ത് വരുന്നത്. മണ്ഡലത്തില്‍ സോണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് കോണ്‍ഗ്രസുകാര്‍ക്ക് യോജിപ്പില്ലെങ്കിലും സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സോണിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. കെസി ജോസഫ് മാറണമെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും കെസിക്കെതിരെയുള്ള മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചുകഴിഞ്ഞു. അത് കൊണ്ടാണ് സോണി സെബാസ്റ്റ്യന്‍ സ്ഥാനാര്‍ത്ഥി കുപ്പായുമായി മണ്ഡലത്തില്‍ ഇറങ്ങിയിരിക്കുന്നത്. സതിശന്‍ പാച്ചേനിയുള്‍പ്പെടെ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നാണ് സഭയുടെ നിലപാട്.

അമ്പത് ശതമാനത്തിലധികം വോട്ടര്‍മാരുള്ള സഭയുടെ അഭിപ്രായം മാനിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസും ധൈര്യപ്പെടില്ല. നേരത്തെ തന്നെ മണ്ഡലത്തിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട സജീവ് ജോസഫിനാണ് സഭയും പ്രാദേശിക ഘടകങ്ങളും മുന്‍ഗണന നല്‍കുന്നത്. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തകര്‍ക്കിടയിലെ ബന്ധവും മണ്ഡലത്തിലെ സ്വീകാര്യതയും സഭയുടെ പിന്തുണയുമുള്ള സജീവ് ജോസഫിന് സീറ്റ് നല്‍കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വച്ചുപുലര്‍ത്തുന്നത്.

Top