
മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്ത വേഷങ്ങള്‍ ചെയ്തും അഭിനയ ശൈലി കൊണ്ടും ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. ഫഹദിനെക്കുറിച്ച് വാചാലനാവുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലുമായി ഉപമിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നായകനെ പുഴ്ത്തുന്നത്. അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും അദ്ദേഹം നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഞാന്‍ പ്രകാശന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവം പറഞ്ഞുകൊണ്ടാണ് ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ചത്. ‘ ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഒരു ഉദാഹരണം പറയാം..ഞാന്‍ പ്രകാശനിലെ നായിക സലോമി( നിഖില വിമല്‍)പ്രകാശനോട് പറയുന്നത,് താന്‍ ജര്‍മ്മനിയിലേക്ക് പോവുകയാണെന്നും അവിടെ മൂവായിരം മാര്‍ക്ക് ശമ്പളമുണ്ടെന്നുമാണ്. മൂവായിരം മാര്‍ക്കെന്ന് പറഞ്ഞാല്‍ എത്രയെന്ന് പ്രകാശന്‍ സലോമിയോട് ചോദിക്കുന്നുണ്ട്.
അപ്പോഴുള്ള പ്രകാശന്റെ പ്രതികരണമായി എന്റെ മനസ്സിലുണ്ടായിരുന്നത് ഒരു മാസം മൂന്നു ലക്ഷമോ എന്ന ആശ്ചര്യദ്യോതകമായ മറുപടിയായിരുന്നു. പക്ഷേ എന്നെ ഫഹദ് അത്ഭുതപ്പെടുത്തി. ഡയലോഗ് മോഡുലേഷന്‍ കൊണ്ടാണ് അയാള്‍ അത്ഭുതപ്പെടുത്തിയത്. ഫഹദിന്റെ പ്രതികരണം ഞാന്‍ ചിന്തിച്ചതിനെക്കാള്‍ മികച്ചതായിരുന്നു.’ സത്യന്‍ അന്തിക്കാട് പറഞ്ഞു.