ന്യൂഡൽഹി:
ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കും മാധ്യമപ്രവർത്തകനുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ തുടർനടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും, ത്രിപുര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി. മാധ്യമപ്രവർത്തകൻ ശ്യാം മീര സിംഗിനും രണ്ട് അഭിഭാഷകർക്കുമെതിരെ ചുമത്തിയ കേസിലാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്.
കേന്ദ്ര സർക്കാരിനും ത്രിപുര സർക്കാരിനും രമണ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സുര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർക്കെതിരെ പോലീസ് നിർബന്ധിത നടപടി സ്വീകരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിലെ പോസ്റ്റും മറ്റു പ്രവർത്തനങ്ങളുടേയും പശ്ചാത്തലത്തിലാണ് പോലീസ് ഇവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.
യുഎപിഎയിലെ ചില ഭാഗങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും തങ്ങൾക്കെതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി അഭിഭാഷകനായ മുകേഷ്, അൻസാരി ഇന്ദോരി, ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകൻ ശ്യാം മീര സിംഗ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് എച്ച് ഡബ്ല്യു ന്യൂസ് നെറ്റ്വർക്കിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝായെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ത്രിപുര പോലീസിന്റെ സ്പെഷ്യൽ സംഘമായിരുന്നു ഇവരെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്.