കമന്റടിച്ചതും ശല്യം ചെയ്തതും ചോദ്യം ചെയ്തു; പെണ്‍കുട്ടികളെ സ്‌കൂളില്‍ കയറി ആക്രമിച്ചു, ആക്രമിച്ചത് ശല്യം ചെയ്തവരുടെ മാതാപിതാക്കള്‍ ഉള്‍പ്പെട്ട സംഘം

പാട്ന: കമന്റടിച്ചതും ശല്യം ചെയ്തതും ചോദ്യം ചെയ്ത പെണ്‍കുട്ടികളെ സ്‌കൂളില്‍ കയറി ആക്രമിച്ചു. ആക്രമണത്തില്‍ സ്‌കൂളിലെ മുപ്പത്തിനാലോളം വിദ്യാര്‍ഥിനികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഹാറിലെ സൗപോള്‍ ജില്ലയിലെ കസ്തൂര്‍ബ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

പ്രദേശത്തെ ഒരു സംഘം ആണ്‍കുട്ടികള്‍ സ്ഥിരമായി സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ശല്യംചെയ്യുമായിരുന്നു. കഴിഞ്ഞദിവസം ഇതിലെ ചില ആണ്‍കുട്ടികള്‍ സ്‌കൂളിലെ ചുമരില്‍ അശ്ലീലവാക്കുകള്‍ എഴുതുന്നത് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരോട് സ്‌കൂളില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ഇതേചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. വിദ്യാര്‍ഥിനികളില്‍ ചിലര്‍ ആണ്‍കുട്ടികളെ തല്ലുകയുമുണ്ടായി. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് ഓടിപ്പോയ ആണ്‍കുട്ടികള്‍ മാതാപിതാക്കളടമുള്ളവരെ കൂട്ടിയെത്തിയാണ് ആക്രമണം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആണ്‍കുട്ടികളും മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ള വന്‍സംഘം സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പെണ്‍കുട്ടികളെയും അധ്യാപികമാരെയും പൊതിരെതല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌കൂളിലെ ഫര്‍ണീച്ചറുകളും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് വിദ്യാര്‍ഥിനികളെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ 34 പെണ്‍കുട്ടികളും നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും പോലീസും അറിയിച്ചു.

Top