അച്ഛനമ്മമാര്‍ പ്രശസ്തരായാല്‍ കുടുംബാംഗങ്ങളും അവരിലൂടെ വെള്ളിവെളിച്ചത്തില്‍ എത്തുക സ്വാഭാവികമാണ്. പ്രത്യേകിച്ചും പ്രശസ്തര്‍ക്ക് ചെറുപ്പക്കാരായ മക്കളാണ് ഉള്ളതെങ്കില്‍ പറയേണ്ട ആവശ്യമില്ല. എന്നാല്‍ ഇവിടെ ഇന്ത്യയുടെ പ്രഥമ പദവിയില്‍ ഇരിക്കുന്ന രാംനാഥ് കോവിന്റിന്റെ മകള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത് സുരക്ഷയ്ക്ക് വേണ്ടി ഡ്യൂട്ടി മാറ്റി നല്‍കിയപ്പോഴാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസാണ്. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഡല്‍ഹിയിലെ പുകമഞ്ഞ് ശ്വസിച്ച് ഓഫീസ് ഡ്യൂട്ടിയില്‍ കഴിയേണ്ട അവസ്ഥയാണ് മകള്‍ സ്വാതിക്ക്.
അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക അമേരിക്കയെതന്നെ പ്രതിനിധീകരിച്ച് പല പ്രധാന സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോള്‍ അച്ഛന്റെ സ്ഥാനലബ്ദി ആഘോഷിക്കാതെ നടക്കുകയാണ് സ്വാതി. ഇപ്പോള്‍ ലോകം മുഴുവന്‍ വിമാനത്തില്‍ ചുറ്റിക്കറങ്ങേണ്ട ജോലിയും വിടേണ്ടി വന്നു. വിവിഐപിയുടെ മകളായതിനാല്‍ സുരക്ഷ നിര്‍ബന്ധമാണ് താനും. അകൊണ്ട് തന്ന കോവിന്ദിന്റെ മകള്‍ സ്വാതിയുടെ ഡ്യൂട്ടിയില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തി.
എയര്‍ ഹോസ്റ്റസായ സ്വാതിക്ക് സുരക്ഷാ കാരണങ്ങളാലാണ് പുതിയ ഡ്യൂട്ടി നല്‍കിയത്. ബോയിങ് 787, ബോയിങ് 777 എന്നിവയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. എന്നാല്‍, ഒരുമാസമായി ഡല്‍ഹിയിലെ ആസ്ഥാനത്ത് ഇന്റഗ്രേഷന്‍ വകുപ്പിലാണ്. രാഷ്ട്രപതിയുടെ മകള്‍ എന്നനിലയില്‍ സ്വാതിക്ക് സുരക്ഷ ഭടന്മാരുടെ അകമ്പടിയുണ്ട്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലുമാണ് സ്വാതിയുടെ ജോലിയില്‍ മാറ്റം വരുത്തിയത്.
മെമ്പറാകുന്നതുപോലും ജനം ആഘോഷമാക്കുന്ന കാലത്താണ് അച്ഛന്‍ സര്‍വ്വ സൈന്യാധിപനായി മാറിയിട്ടും അത് ആഘോഷിക്കാതെ മകള്‍ നടന്നത്. അച്ഛന്റെ പേരിന്റെ വാലുപോലും സ്വീകരിക്കാതെ അന്തസ്സായി ജോലി ചെയ്തായിരുന്നു സ്വാതിയുടെ ജീവിതം. ജൂലായ് 25 ന് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയ്ക്കായി അദ്ദേഹത്തിന്റെ ഗ്രാമം കാത്തിരിക്കുമ്പോഴാണ് സ്വാതി ജോലിയില്‍ മുഴുകി കഴിയുകയായിരുന്നു സ്വാതി.
സ്വാതി ആഘോഷിക്കുന്നില്ലെങ്കിലും എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ ഈ നേട്ടം ആഘോഷിച്ചിരുന്നു. ബോയിങ് 777, 787 ദീര്‍ഘദൂര വിമാനങ്ങളിലാണ് സ്വാതി കൂടുതലും ജോലി ചെയ്യുന്നത്. ഓസ്‌ട്രേലിയന്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കാണ് സ്ഥിരം പറക്കാറുള്ളത്. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതിന്റെ ടെന്‍ഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് സഹപ്രര്‍ത്തകയുടെ അച്ഛന്‍ രാഷ്ട്രപതിയായത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. രാംനാഥ് കോവിന്ദ് തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവര്‍. സ്വാതി രാംനാഥ് കോവിന്ദിന്റെ മകളാണെന്ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ പോലും പലര്‍ക്കും അറിയില്ലായിരുന്നു.