ശ്രീനഗര്‍: സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കാണാന്‍ കശ്മീരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ സൈനികരാണ് അദ്ദേഹത്തെ തടഞ്ഞത്.
ഗവര്‍ണര്‍ക്കു കത്ത് നല്‍കിയതിനു ശേഷമാണ് അസുഖബാധിതനായ തരിഗാമിയെ കാണാന്‍ അവര്‍ കശ്മീരിലെത്തിയതെന്നാണ് സൂചന. എന്നാല്‍ വിമാനം ഇറങ്ങിയശേഷം ഇരുവരെയും സുരക്ഷാസൈനികര്‍ തടയുകയായിരുന്നു.
തരിഗാമിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹത്തെ കാണേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു.
ഒരു പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടാണ് യെച്ചൂരിയുടെ കത്ത് അവസാനിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുന്നോടിയായി തരിഗാമി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലില്‍ വെയ്ക്കുകയും ചെയ്തിരുന്നു.