തൃശ്ശൂര്‍: സ്വര്‍ണഖനികളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന സ്വര്‍ണം വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ മാധവമംഗലം സ്വദേശിയായ ഷാജി അഥവാ ‘കെജിഎഫ് സ്വാമി’ (61) യെയാണ് വ്യാഴാഴ്ച പൊലീസ് പിടികൂടിയത്. ഏതാനും വര്‍ഷങ്ങളായി കൊടുങ്ങല്ലൂരില്‍ താമസിച്ചുവരികയായിരുന്ന ഷാജി, ആള്‍ദൈവമായി ആളുകള്‍ക്ക് മുന്നില്‍ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്വര്‍ണഖനി നടത്തിപ്പുകാരുമായി തനിക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നും, വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. വിലക്കുറവില്‍ സ്വര്‍ണക്കട്ടികള്‍ എത്തിച്ചുനല്‍കാമെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം കൈപ്പറ്റിയതായാണ് പൊലീസ് കണ്ടെത്തിയത്. പണം നല്‍കുന്നവരുടെ വിശ്വാസം നേടുന്നതിനായി സ്വര്‍ണക്കട്ടിയെന്ന് അവകാശപ്പെട്ട ഒരു വസ്തു ഇയാള്‍ കാണിച്ചിരുന്നുവെന്നും, പരിശോധനയില്‍ അത് സ്റ്റീലില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
മാടവന സ്വദേശിയായ ഷജീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കട്ടി വാങ്ങുന്നതിനായി ഷാജീര്‍ 5.05 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് അറസ്റ്റ് നടന്നത്.
പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് മുക്കുപണ്ടങ്ങള്‍, വ്യാജ സ്വര്‍ണക്കട്ടികള്‍, കൃത്രിമ കല്ലുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. വിവിധ വിലാസങ്ങള്‍ രേഖപ്പെടുത്തിയ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.


