സെന്‍കുമാറിന്റെ തിരിച്ച് വരവ് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍; ഉത്തരവ് നടപ്പാക്കണമെന്ന് കാട്ടി സെന്‍കുമാറിന്റെ കത്ത്

സെന്‍കുമാറിന്റെ പുനര്‍ നിയമനം പരമാവധി വൈകിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സൂചന. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തന്നെ എത്രയും വേഗം പൊലീസ് മേധാവിയാക്കണമന്ന് കാട്ടി ചീഫ് സെക്രട്ടറിക്ക് സെന്‍കുമാര്‍ കത്ത് നല്‍കി. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ മാത്രം മതിയെന്നും മറ്റ് ഒത്തുര്‍പ്പിനില്ലെന്നും സെന്‍കുമാര്‍ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാകും. സെന്‍കുമാറിന്റെ നിയമനം പരമാവധി നീട്ടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആലോചന. നിയമോപദേശം തേടുന്നുവെന്ന ന്യായീകരണം ഉയര്‍ത്തിയാകും ഇത്.

തന്നെ എത്രയും പെട്ടെന്നു സംസ്ഥാന പൊലീസ് മേധാവി ആയി നിയമിക്കണമെന്ന ഒറ്റ വരി കത്താണ് അദ്ദേഹം നല്‍കിയത്. മറുപടിയൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികള്‍ പരിശോധിക്കാന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ അഭിഭാഷകരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജന്‍ പറഞ്ഞു. എന്നാല്‍ വിധി നടപ്പാക്കുമോ അതോ റിവിഷന്‍ ഹര്‍ജി നല്‍കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല. അഭിഭാഷകര്‍ അതു പരിശോധിച്ചശേഷം ഉചിതമായ നടപടിയെടുക്കുമെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. റിവിഷന്‍ ഹര്‍ജി നല്‍കി തീരുമാനം പരമാവധി വൈകിപ്പിക്കുകയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളത്. ഇത് മനസ്സിലാക്കിയാണ് സെന്‍കുമാര്‍ കത്ത് നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 30 വരെ മാത്രമേ സെന്‍കുമാറിനു കാലാവധിയുള്ളു. അതിനു ശേഷം ഇഷ്ടമുള്ള ഡിജിപിയെ ഈ പദവയില്‍ സര്‍ക്കാരിനു നിയമിക്കാം. അതുകൊണ്ട് തന്നെ സെന്‍കുമാറിന്റെ നിയമനം പരമാവധി വൈകിപ്പിക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് റിവന്‍ഷന്‍ ഹര്‍ജി നല്‍കുന്നതും. എന്നാല്‍ റിവിഷന്‍ ഹര്‍ജി നല്‍കി വീണ്ടും കേസ് സുപ്രീംകോടതിയില്‍ എത്തിച്ചാല്‍ ആ വിധിയും എതിരായാല്‍ കൂടുതല്‍ നാണക്കേടാകുമെന്നു സര്‍ക്കാരിന് ഉപദേശം ലഭിച്ചിട്ടുണ്ട്. വിധി നടപ്പാക്കണമെന്നാണു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും ഉപദേശം നല്‍കിയതെന്നറിയുന്നു.

അതിനിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഡല്‍ഹിക്കു പോയി. ഇന്റലിജന്‍സ് ബ്യൂറോയുടെ യോഗത്തില്‍ പങ്കെടുക്കാനെന്നാണു വിശദീകരണം. അതേസമയം കേന്ദ്ര ഡപ്യൂട്ടഷനു ശ്രമിക്കുന്നതിന്റെ ഭാഗമായാണു പോയതെന്ന സൂചനയും ഉണ്ട്.

Top