കോഴിക്കോട് :കോഴിക്കോട് കൂടത്തായിയിലെ അരും കൊലകൾ പിന്നില്‍ വന്‍ ആസൂത്രണമെന്ന് അന്വേഷണ സംഘം കോടതിയില്‍. കേസിന്‍റെ വേരുകള്‍ കട്ടപ്പനയിലുമുണ്ട്. വിശദമായ അന്വേഷണം നടത്തിയാലേ മുഴുവന്‍ ചുരുളുകളും അഴിയുകയുള്ളൂ.പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. വിശദമായ തെളിവെടുപ്പിനായാണ് 15 ദിവസം കസ്റ്റഡിയില്‍ ചോദിച്ചതെന്ന് അന്വേഷണ സംഘം താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
2011 ല്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെട്ട റോയ് തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയായിരുന്നു കൊലപാതക പരമ്പരയുടെ ചുരുള്‍ ഒരോന്നായി പോലീസ് അഴിച്ചത്. റോയിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് അദ്ദേഹത്തിന്‍റെ ഭാര്യ ജോളിയാണ് കൃത്യത്തിലെ മുഖ്യപ്രതിയെന്ന നിഗമനത്തില്‍ എത്തുകയും അവരേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവന്നതിനോടൊപ്പം നാട്ടുകാരെയും വീട്ടുകാരേയും കമ്പളിപ്പിച്ച് ജോളി പടുതുയര്‍ത്തിയ നുണകളുടെ കൊട്ടാരം കൂടിയാണ് തകര്‍ന്നു വീണത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്. അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യുകയാണ്.
കൂടത്തായി ദുരൂഹ മരണങ്ങള്‍ ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ജോളി കോയമ്പത്തൂരിലേക്ക് നടത്തിയ നിരന്തര യാത്രകളും അന്വേഷണ സംഘം പരിശോധിക്കും.പൊന്നാമ്മറ്റം കുടുംബത്തിലെ ഗൃഹനാഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, ടോം തോമസിന്‍റെ മുത്തമകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, രാണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫി എന്നിവരുടെ മണണത്തിലാണ് ജോളിക്കെതിരെ സംശയങ്ങള്‍ നീളുന്നത്. ആറ് മരണത്തിലും തനിക്ക് പങ്കുണ്ടെന്ന കുറ്റസമ്മതം നല്‍കിയിട്ടുണ്ടെങ്കിലും റോയി തോമസിന്‍റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ പോലീസ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.