ലൈംഗിക ബന്ധം ഔഷധത്തിന്റെ ഗുണം;മൂത്രാശയക്കല്ലിന്‌ ഉത്തമ പരിഹാരം

ലൈംഗിക ബന്ധം ഔഷധത്തിന്റെ ഗുണം ചെയ്യുമെന്ന്‌ ശാസ്‌ത്രലോകം. ആഴ്‌ചയില്‍ കുറഞ്ഞത്‌ മൂന്നു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ വൃക്കയിലെ കല്ലിന്‌ പരിഹാരമാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു. തുര്‍ക്കി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയിലെ അങ്കാര ട്രെയിനിങ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഹോസ്‌പിറ്റലിലെ ഗവേഷകരാണ്‌ ലൈംഗിക ബന്ധം മൂത്രാശയക്കല്ലിന്‌ ഉത്തമമെന്ന്‌ കണ്ടെത്തിയത്‌.

മൂത്രാശയക്കല്ല്‌ രോഗം ബാധിച്ചവരില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്‌. രോഗികളെ മൂന്നു ഗ്രൂപ്പുകളിലായി തിരിച്ചായിരുന്നു പരീക്ഷണം. ആഴ്‌ചയില്‍ മൂന്നു മുതല്‍ നാല്‌ പ്രാവശ്യംവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ്‌ ആദ്യ ഗ്രൂപ്പിന്‌ ഗവേഷക സംഘം നല്‍കിയ നിര്‍ദേശം.

രോഗത്തിന്‌ സാധാരണ ഉപയോഗിച്ചുവരുന്ന ടാംസുയോസിന്‍ എന്ന മരുന്നുകഴിക്കാനാണ്‌ രണ്ടാമത്തെ സംഘത്തിന്‌ നല്‍കിയ നിര്‍ദേശം. മൂത്രാശയക്കല്ലിനുള്ള ചികിത്സയാണ്‌ മൂന്നാമത്തെ സംഘത്തിനൊപ്പം നല്‍കിയത്‌. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഗവേഷകര്‍ നടത്തിയ നിരീക്ഷണത്തില്‍ ആദ്യ സംഘത്തിലെ 31 പേരില്‍ ഇരുപത്തിയാറ്‌ രോഗികളിലും മൂത്രാശയക്കല്ല്‌ ഭേഗമായി. രണ്ടാമത്തെ സംഘത്തിലുണ്ടായിരുന്ന 21 പേരില്‍ പത്തു പേര്‍ക്കും മൂന്നാമത്തെ സംഘത്തിലെ 23 പേരില്‍ എട്ടു പേര്‍ക്കും രോഗം മാറി.

ആഴ്‌ചയില്‍ മൂന്നോ നാലോ പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുടെ മൂത്രാശയത്തില്‍നിന്ന്‌ ഇല്ലാതായ കല്ലുകളുടെ ശരാശരി നീളം 4.7 മില്ലീമീറ്റര്‍ ആണ്‌. അതായത്‌ ആറു മില്ലീ മീറ്ററില്‍ താഴെയുള്ള കല്ലുകള്‍ക്ക്‌ ഫലപ്രദമായ ചികിത്സാ രീതിയാണ്‌ കൃത്യമായ ലൈംഗിക ബന്ധമെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

Top