സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ 30 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ഇന്ത്യൻ വനിതാതാരം ഷഫാലി വർമ. ഇന്ത്യക്കായി അർധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സച്ചിനെ മറികടന്ന് ഷഫാലി സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഷഫാലിയുടെ മാസ്മരിക പ്രകടനം.
49 പന്തിൽ 73 റൺസെടുത്ത ഷഫാലിയുടെ മികവിൽ ഇന്ത്യൻ വനിതാ ടീം വിൻഡീസിനെ 84 റൺസിനു തകർത്തു. 15 വർഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി അർധസെഞ്ചുറി നേടിയത്. സച്ചിൻ ആദ്യ അർധസെഞ്ചുറി നേടിയത് 16 വർഷവും 214 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു. ട്വിറ്ററിലൂടെ ബിസിസിഐ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്ക് വേണ്ടി ടി-20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേരത്തെ തന്നെ ഷഫാലി സ്വന്തമാക്കിയിരുന്നു. ഇതിനോടൊപ്പമാണ് ഈ റെക്കോർഡ് കൂടി ഷഫാലി സ്വന്തമാക്കിയത്. വനിതാ ടി-20 ചരിത്രത്തിൽ അർധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യുഎഇയുടെ കവിഷ എഗോഡാഗെയാണ്. 15 വർഷവും 267 ദിവസവും പ്രായമുള്ളപ്പോഴാണ് കവിഷ ഈ നേട്ടത്തിലെത്തിയത്.
ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു പുറമെ രണ്ടാം ടി-20യിലും ഷഫാലി അർധസെഞ്ചുറി അടിച്ചിരുന്നു. കൗമാരക്കാരിയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 10 വിക്കറ്റിന് വിൻഡീസിനെ തകർത്ത് പരമ്പരയിൽ 2-0ന് മുന്നിലെത്തി. വെസ്റ്റ് ഇൻഡീസ് വെച്ചു നീട്ടിയ 104 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 10.3 ഓവറിൽ ഇന്ത്യ മറികടന്നു. ഷഫാലി 69ഉം സഹ ഓപ്പണർ സ്മൃതി മന്ദന 30ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.