തിരുവനന്തപുരം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസിൽ വീതം വെപ്പ് പൂർത്തിയാകുന്നു.പ്രവർത്തകരുടെയും മുല്ലപ്പള്ളിയുടെയും എതിർപ്പ് മറികടന്നു എം എൽ എ മാർ യൂത്ത് കോൺഗ്രസ് തലപ്പത്തേക്ക് എത്തുന്നു എന്നാണു റിപ്പോർട്ട് . പദവികള്‍ പങ്കുവയ്ക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായതോടെ ആണ് എ ഗ്രൂപ്പില്‍ നിന്നുള്ള ഷാഫി പറമ്പില്‍ എംഎല്‍എല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായേക്കും എന്ന റിപ്പോർട്ട് . ഐ ഗ്രൂപ്പില്‍ നിന്നുള്ള കെഎസ് ശബരീനാഥന്‍ എംഎല്‍എ ആയിരിക്കും പുതിയ വൈസ് പ്രസിഡന്‍റാവുക.ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ എട്ടു ജില്ലകളില്‍ എ ഗ്രൂപ്പിനും ആറ് ജില്ലകളില്‍ ഐ ഗ്രൂപ്പിനും വിട്ടുനല്‍കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
ഒരാള്‍ക്ക് ഒരു പദവി എന്ന നയം യൂത്ത് കോണ്‍ഗ്രസില്‍ ബാധകമാക്കേണ്ടെന്ന് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഷാഫി പറമ്പിലിനും ശബരിനാഥിനും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് വരാന്‍ അവസരമൊരുങ്ങുന്നത്. എന്നാല്‍ കെപിസിസി പട്ടികയില്‍ ആ തത്വം ബാധകമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.പാര്‍ട്ടിയിലെ ചില മുര്‍ന്ന നേതാക്കള്‍ക്കും മുല്ലപ്പള്ളിയുടേതിന് സമാനമായ അഭിപ്രായമുണ്ട്. എംഎല്‍എമാരായ ഷാഫിക്കും ശബരീനാഥിനും സംഘടനാപദവി നല്‍കുന്നതിനെതിരായുള്ള വാദമായി ഇതിനെ ഉയര്‍ത്തിക്കാട്ടാമെങ്കിലും ആ എതിര്‍പ്പുകളെ മറികടക്കാന്‍ കഴിയുമെന്നാണ് ഐ-ഐ ഗ്രൂപ്പ് നേതാക്കള്‍ വിലയിരുത്തുന്നത്.
പ്രസിഡന്റ്, വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്കും വോട്ടെടുപ്പും വേണമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെ സമവായത്തിലൂടെ മറികടന്നാണ് സംസ്ഥാന പ്രസിഡന്‍റായി ഷാഫി പറമ്പിലിനേയും കെഎസ് ശബരീനാഥിനേയും ഭാരവാഹികളായി നിയമിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃതലത്തില്‍ തീരുമാനമായത്.പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിൽ തീരുമാനമായെങ്കിലും മറ്റ് സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ ഭാരവാഹികളുടേയും കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നേതൃസ്ഥാനങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ച് ചില സമുദായ സംഘടനകള്‍ രംഗത്ത് എത്തിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.