ഉമ്മൻ ചാണ്ടി ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പുംമുന്നോട്ടുവെച്ച പട്ടിക കേന്ദ്രം തള്ളി! യൂത്ത് കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ.

തിരുവനന്തപുരം:കേരളത്തിലെ യൂത്ത് കോൺ‌ഗ്രസ് പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിലായി . ഷാഫി പറമ്പിൽ എംഎൽഎയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥൻ എംഎൽഎ അടക്കം നാല് പേരെ വൈസ് പ്രസിഡന്റുമാരായും നിർദേശിച്ചുള്ള ഒത്തുതീർപ്പ് ഫോർമുല കേന്ദ്ര നേതൃത്വം തള്ളി.കേരളത്തിലെ ഗ്രൂപ്പുകൾ അഖിലേന്ത്യാ നേതൃത്വത്തിന് നൽകിയ ഒത്തുതീർപ്പ് ഫോർമുല അഖിലേന്ത്യാ നേതൃത്വം തള്ളിയതോടെ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അനിശ്ചിതത്വം ഉണ്ടായിരിക്കയാണ് . സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായ ഫോർമുല അംഗീകരിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം അഖിലേന്ത്യാ നേതൃത്വം വീണ്ടും നിരാകരിക്കുകയായിരുന്നു.

സംസ്ഥാനഘടകം സമർപ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യാ നേതൃത്വം തീർത്തുപറഞ്ഞു. ഇതോടെ, കെ.പിസി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലെത്തുന്ന മുതിർന്ന നേതാക്കളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് യൂത്ത് നേതാക്കൾ.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ ഡീൻ കുര്യാക്കോസ് എം.പി, ഹൈബി ഈഡൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, സി.ആർ. മഹേഷ് എന്നിവരാണ് ഡൽഹിയിൽ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച നടത്തിയത്. യൂത്ത് കോൺഗ്രസ് ചുമതലയുള്ള എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവുരു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ പി.ബി. ശ്രീനിവാസ്, സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി രവീന്ദ്രദാസ് എന്നിവരുമായിട്ടായിരുന്നു ചർച്ച. ഇതിലാണ് സംസ്ഥാന പ്രസിഡന്റിനെയും നാല് വൈസ് പ്രസിഡന്റുമാരെയും നിർദ്ദേശിച്ചുള്ള പട്ടിക കൈമാറിയത്. ശബരീനാഥിന് പുറമേ, എൻ.എസ്. നുസൂർ, വിദ്യാ ബാലകൃഷ്ണൻ, പ്രേംരാജ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി ഉൾപ്പെടുത്തിയത്.

എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന കർശന നിലപാടിലായിരുന്നു അഖിലേന്ത്യാ നേതാക്കൾ. രണ്ട് ദിവസം മാറി മാറി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.നേരത്തേ സോണിയഗാന്ധിയുടെ നിർദ്ദേശപ്രകാരം കൃഷ്ണ അല്ലവുരുവിന്റെ നേതൃത്വത്തിൽ കേരളത്തിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. സംഘടനാതിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന നിലപാടാണ് കേരളനേതാക്കളും കൈക്കൊണ്ടത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് തീർപ്പാക്കണമെന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്. സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ ഈ അഭ്യർത്ഥന അവർ വച്ചേക്കും. ആദ്യഘട്ടത്തിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റുമാരെയും മാത്രം പ്രഖ്യാപിച്ച് മറ്റ് ഭാരവാഹികളെ പിന്നീട് നിശ്ചയിച്ചാൽ മതിയെന്നാണ് കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്.

Top