ദില്ലി: നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) ഡയറക്ടറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തിയത് ഒരു ഞരമ്പു രോഗിയെയാണ്. ഞരമ്പുരോഗം മൂത്ത് ഐആര്‍എസ് ഉദ്യോഗസ്ഥയെ ആറുമാസത്തോളം നിരന്തരം ശല്യപ്പെടുത്തിയെന്ന പരാതിയിന്മേല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഐഎഎസുകാരനെയാണ് നിയമിക്കാന്‍ തീരുമാനിച്ചത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ശക്തി സിന്‍ഹ ഐപിഎസിനെ മ്യൂസിയത്തിന്റെ ഡയറക്ടറാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതിഷേധിച്ച് സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന പ്രതാപ് ഭാനു രാജി വെച്ചു. എന്‍എംഎംഎല്‍ പോലൊരു അഭിമാനസ്ഥാപനത്തില്‍ ശക്തി സിന്‍ഹയെ പോലൊരു ബ്യൂറോക്രാറ്റിനെ ഡയറക്ടറാക്കുന്നതിന്റെ യുക്തിയാണ് പ്രതാപ് ഭാനു ചോദ്യം ചെയ്യുന്നത്.
ഗുരുതരമായ ആക്ഷേപങ്ങളാണ് 2012 നവംബറില്‍ ശക്തി സിന്‍ഹയ്‌ക്കെതിരെ ഉയര്‍ന്നത്. ആറുമാസത്തോളമായി ശക്തി സിന്‍ഹ തന്നെ ഫോണില്‍ അസഭ്യം പറഞ്ഞും അശ്ലീല എസ്എംഎസ് സന്ദേശങ്ങളയച്ചും ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബംഗളൂരുവിലെ ഒരു ഐആര്‍എസ് ഉദ്യോഗസ്ഥയാണ് കേന്ദ്ര കാബിനെറ്റ് സെക്രട്ടറി അഭിജിത് സേട്ടിനെ സമീപിച്ചത്. രണ്ടു നമ്പരുകളില്‍ നിന്നായി നിരന്തരമായ ശല്യമായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞത്. പരാതി കാബിനെറ്റ് സെക്രട്ടറി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറി. ഐആര്‍എസ് ഉദ്യോഗസ്ഥയായ ശക്തി സിന്‍ഹയുടെ ഭാര്യയുടെ പരിചയക്കാരിയായിരുന്നു പരാതിക്കാരി.
അശ്ലീല മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പും പരാതിയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഫോണെടുക്കുകയോ മെസേജുകളോടു പ്രതികരിക്കുകയോ ചെയ്യാതിരുന്നാല്‍ പരാതിക്കാരിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും രാത്രി ഒരു മണിയ്ക്കും രണ്ടുമണിയ്ക്കുമൊക്കെ മദ്യലഹരിയില്‍ ശക്തി സിന്‍ഹ ഫോണ്‍ വിളിച്ച് അസഭ്യം പറയുമായിരുന്നുവത്രേ. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഔദ്യോഗികാധികാരം ഉപയോഗിച്ചു ചോര്‍ത്തുക, അസഭ്യം പറഞ്ഞ ശേഷം മാപ്പു പറയുക, ബൈബിള്‍ വാക്യങ്ങളും പ്രാര്‍ത്ഥനകളും മെസേജായി അയയ്ക്കുക, അതിനുശേഷം പൊടുന്നനെ ഭീഷണിയും അസഭ്യവും അശ്ലീലവും പറയുക തുടങ്ങിയ പ്രവൃത്തികള്‍ക്കു മടിക്കാത്ത അസ്ഥിരവും അപകടകരവുമായ മനസിനുടമയാണ് ശക്തി സിന്‍ഹയെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇത്തരത്തിലൊരാളെയാണ് വിശ്വപ്രസിദ്ധമായ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ അവരോധിക്കുന്നത്.
ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരില്‍ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് ശക്തി സിന്‍ഹ. പരാതിയും അന്വേഷണങ്ങളും പത്രവാര്‍ത്തകളും വന്നപ്പോള്‍ വിആര്‍എസ് എടുത്തു വിരമിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന്‍ തന്നെയാണ് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്റെ നേതൃത്വത്തിലുളള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സിന്‍ഹയ്ക്ക് പുറമെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരന്‍ കപില്‍ കുമാറിന്റെ പേരും പട്ടികയിലുണ്ട്. പക്ഷേ ശക്തി സിന്‍ഹയ്ക്ക് തന്നെയാണ് മുന്‍ഗണന.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യ-ചൈന ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശക്തി സിന്‍ഹ അമേരിക്കയിലെ ജോര്‍ജ് മാസണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രം സംരക്ഷിക്കുക, പുനഃസൃഷ്ടിയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1964ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം ന്യൂഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സ്ഥാപിച്ചത്. ആധുനിക, സമകാലിക ചരിത്രഗവേഷണം പരിപോഷിപ്പിക്കുന്ന ലോകപ്രശസ്ത സ്ഥാപനമാണ് എന്‍എംഎംഎല്‍. ഏറ്റവുമധികം പുസ്തകങ്ങളും ആനുകാലികങ്ങളും പിഎച്ച്ഡി പ്രബന്ധങ്ങളും ജേണലുകളും പത്രമാസികകളുമുളള ലൈബ്രറികളിലൊന്ന് എന്ന നിലയിലും ഇന്ത്യയുടെ അഭിമാനമാണ് ഈ സ്ഥാപനം.
രാജ്യത്തിന്റെ സാംസ്‌ക്കാരികതേജസായ ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് അസന്മാര്‍ഗ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പഴികേട്ട ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ച് ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുകയാണ് മോദി സര്‍ക്കാര്‍. ലൈബ്രറിയുടെ ഡയറക്ടറായിരുന്ന വിഖ്യാത ചരിത്രകാരന്‍ മഹേഷ് രംഗരാജന്‍ ഒരു വര്‍ഷം മുമ്പാണ് മോദി സര്‍ക്കാരിന്റെ ഇടപെടലുകളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞത്. സാംസ്‌ക്കാരിക സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്ന ആക്ഷേപം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ശക്തിസിംഗിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നത്.