ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ രാഹുല്‍ഗാന്ധിയേക്കാള്‍ യോഗ്യരാണെന്ന് പവാര്‍.
ഒരു ഇംഗ്‌ളീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ പരാമര്‍ശം. തനിക്ക് പ്രധാനമന്ത്രിയാകാന്‍ മോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി ആരാകണം എന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്ക് സാദ്ധ്യതയുള്ളൂവെന്ന് പവാര്‍ പറഞ്ഞു. അത് തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ള പവാറിന്റെ പരാമര്‍ശം രാഷ്ട്രീയമായി പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.