ദില്ലി: ചിലര്‍ മുദ്രാവാക്യം വിളിച്ചാല്‍ മാത്രം തകരുന്നതല്ല ദേശീയ സുരക്ഷയെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. നമ്മളുടെ സുരക്ഷ ദൃഢവും മികച്ചതും സുശക്തവുമാണ്. ആംനെസ്റ്റി ഇന്റര്‍നാഷണലിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരന്റെ നടപടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ശശി തരൂരിന്റെ പുതിയ പ്രസ്താവന.
ആംനെസ്റ്റി ഇന്റര്‍നാഷണലിന് മേല്‍ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം വലിയ തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞു. ആംനെസ്റ്റിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സിലോ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. നമ്മള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയല്ലെന്നും അതിനാല്‍ കാര്യങ്ങളെ രാജ്യദ്രോഹവുമായി ബന്ധപ്പെടുത്തരുതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ആംനെസ്റ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ചിലര്‍ രാജ്യത്തിനെതിരെയും സൈന്യത്തിനെതിരെയും മുദ്രാവാക്യം ഉയര്‍ത്തി എന്ന ആരോപണം നേരിട്ടത്. എന്നാല്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രാജ്യദ്രോഹക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.