തിരുവനന്തപുരം: കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരിന്റെ പ്രചാരണത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ വീഴ്ചവരുത്തുന്നെന്ന ആരോപണമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് കത്തിനില്‍ക്കുന്നത്. ഇതില്‍ ഇടപെടാനും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹാരത്തിനുമെത്തിയ പാര്‍ട്ടി ദേശീയ നേതൃത്വം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത താക്കീതാണ് നല്‍കിയിരിക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിയായിരുന്നു തിരുവനന്തപുരത്തെ നേതാക്കള്‍ക്ക് നല്‍കിയതെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ പറഞ്ഞു. തലസ്ഥാനത്ത് ശശി തരൂര്‍ തോറ്റാല്‍ ജില്ലയിലെ മൂന്ന് പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാവുമെന്ന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് ഇവരെ ധരിപ്പിച്ചിട്ടുണ്ട്.
ഇതോടെ ശശി തരൂരിനെ വിജയിപ്പിക്കേണ്ടത് ജില്ലയിലെ ഈ മൂന്നു കരുത്തരുടെ ഉത്തരവാദിത്തമായി മാറി. ഗ്രൂപ്പിനതീതമായാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിച്ചത് എന്നാണ് നേതൃത്വം കണ്ടെത്തിയത്. ഇതിലെ രണ്ട് പ്രമുഖരും സംസ്ഥാനത്ത് രണ്ട് ഗൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളുടെ അടുത്തയാളുകളാണ് എന്നത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
ഇവരില്ലാതെ ഗ്രൂപ്പിന് മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥ സൃഷ്ടിച്ച ശേഷമാണ് രണ്ടുപേരും ചേര്‍ന്ന് പണി തുടങ്ങിയതത്രേ. മൂന്നാമന്‍ ജില്ലയിലെ പ്രമുഖനാണ്. ഇനിയെന്തെങ്കിലും പരാതി ലഭിച്ചാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും ഒരു ബൂത്തിലും കുഴപ്പമില്ലാതാരിക്കാനായി നീരീക്ഷണം ശക്തമാക്കുമെന്നും നീരീക്ഷണത്തിനെത്തിയ ചില ദേശീയ നേതാക്കള്‍ സൂചിപ്പിച്ചു.
കുറേ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം സ്തംഭിച്ചുവെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേമം, പാറശ്ശാല, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലായി 300 ലധികം ബുത്തുകളാണ് നിശ്ചലമായത്. പാറശ്ശാലയിലെ കൊല്ലയില്‍ പഞ്ചായത്തില്‍ പകുതിയോളം ഭാഗങ്ങളിലും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ ഗൗരവമായി എടുത്തത്.