
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധ സമരം അക്രമാസക്തമായതിന് പിന്നാലെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത് പോലീസ് നടത്തിയ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം നിയന്ത്രിക്കാനെന്ന പേരില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയ പോലീസുകാര്‍ പോകുന്ന വഴി കിട്ടിയ ഹെല്‍മറ്റുകളും വാഹനങ്ങളിലെ ജാക്കറ്റുകളും അടിച്ചുമാറ്റുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
ഇതോടെ ശബരിമലയില്‍ പോലീസിന്റെ നടപടിക്കെതിരേ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലീസിനെതിരേ ശക്തമായ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികളെ തല്ലിച്ചതയ്ക്കാന്‍ ആരാണ് അനുവാദം നല്കിയതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. അതേസമയം വനിതാ റിപ്പോര്‍ട്ടര്‍മാരെ റിപ്പോര്‍ട്ടിംഗിന് അയച്ച ചാനലുകള്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സമരക്കാരെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണ് ഇതെന്നാണ് വിശ്വാസികള്‍ പറയുന്നത്. അതേസമയം ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരന്പരാഗത കാനനപാത വഴി ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
പോലീസ് കനത്ത സുരക്ഷയുമായി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മരക്കൂട്ടത്ത് വച്ച് 25 ഓളം വരുന്ന പ്രതിഷേധക്കാര്‍ യുവതിക്കെതിരേ മുദ്രാവാക്യവുമായി രംഗത്തെത്തി. മുന്നോട്ടുപോകും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. എങ്കിലും പോലീസ് കനത്ത സുരക്ഷയുമായി യുവതിക്കൊപ്പം നിന്നു.
ഇതിനിടെ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവര്‍ മടങ്ങുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരുമായി തനിക്ക് സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു പോലീസ് അനുമതി നല്‍കാതിരുന്നത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് മലകയറാനെത്തിയ യുവതിക്ക് പോലീസ് നല്‍കിയത്. നിങ്ങള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കണമെന്നുണ്ടെങ്കില്‍ എല്ലാ സുരക്ഷയും നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു. പമ്പയില്‍ നിന്നും കമാന്‍ഡോ സേനയെയും വരുത്തി. എന്നാല്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്ന നിലപാടില്‍ യുവതി തിരിച്ചിറങ്ങുകയായിരുന്നു. തനിക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞെന്ന് സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് കനത്ത സുരക്ഷയില്‍ ആദ്യം എത്തിച്ചു. പിന്നീട് പോലീസ് അകന്പടിയില്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.