രേഷ്മ നിഷാന്തിന്റെ വീടിന് പൊലീസ് സുരക്ഷ; അയ്യപ്പനുവേണ്ടി പോരാട്ടം തുടരുമെന്ന് ഭര്‍ത്താവ്

കണ്ണൂര്‍: മല കയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തിരിച്ചിറക്കിയതിനെതിരെ രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

മാലയിട്ട് വ്രതം നോറ്റിട്ട് 100 ദിവസം പിന്നിട്ടു. രേഷ്മ വിശ്വാസിയാണെന്നും ചെറുകുന്നിലമ്മയ്ക്കും അന്നപൂര്‍ണേശ്വരീദേവിക്കും മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകള്‍ക്കറിയാമെന്നും നിഷാന്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. രേഷ്മ നിഷാന്തിന്റെ കണ്ണപുരം അയ്യോത്തുള്ള വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളെജ് ഐടി വിഭാഗം താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്യവേയാണു രേഷ്മ മാലയിട്ടത്.

വ്രതം എടുത്തതു വിവാദമായതോടെ ജോലി തുടരാനാവാതെ ഉപേക്ഷിക്കേണ്ടി വന്നു. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വച്ച് 2018 ഒക്ടോബര്‍ 14നാണു വ്രതം തുടങ്ങിയത്. മുന്‍ വര്‍ഷങ്ങളിലും മണ്ഡലകാല വ്രതം വീട്ടില്‍ വച്ച് എടുക്കാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് എ.വി.നിഷാന്ത് സിപിഎം അംഗമാണ്. ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക് മാനേജരായ ഇദ്ദേഹത്തിന്റെ പൂര്‍ണ സഹകരണത്തോടെയാണ് രേഷ്മ മാലയിട്ടത്.

രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്‍ണരൂപം;

പ്രായഭേദമില്ലാതെ ലിംഗഭേദമില്ലാതെ വിശ്വാസികളായ എല്ലാവര്‍ക്കും മല ചവിട്ടി അയ്യപ്പനെക്കാണാമെന്ന സുപ്രീം കോടതി വിധി വന്നതിനുശേഷം ആദ്യമായി മാലയിട്ടു വ്രതമെടുത്ത ഒരുവള്‍ അവളെപ്പോലെ മാലയിട്ടു വ്രതമെടുത്തു വരുന്ന കൂട്ടുകാരിക്കൊപ്പം ഭക്തരെന്ന് അവകാശപ്പെടുന്ന അക്രമികളുടെ കൊലവിളികളെ കൂസാതെ നീലിമലയില്‍ ഉണ്ടായിരുന്നു കുറച്ചുമുമ്പ്.

ഇപ്പോള്‍ തിരിച്ചിറങ്ങുകയാണ്, പേടിച്ചിട്ടല്ല.

ഇറക്കുകയാണ് ഇവിടുത്തെ ആണധികാര വ്യവസ്ഥിതി.

ഇന്നേക്കു നൂറുദിനങ്ങള്‍ പിന്നിടുകയാണു താന്‍ വിശ്വസിക്കുന്ന ദൈവത്തെ കാണാനുള്ള വ്രതം.

അതെ, അവളുടെ ആ നൂറുദിനങ്ങള്‍ എന്റേതും ഞങ്ങളുടെ അഞ്ചു വയസ്സുകാരി മകളുടേതും കൂടിയാണ്. ഞങ്ങള്‍ പിന്നിട്ട ആത്മസംഘര്‍ഷങ്ങളുടേതാണ്.

അവള്‍ മാലയിട്ട ഞങ്ങളുടെ തട്ടകത്തമ്മയായ ചെറുകുന്നിലമ്മയ്ക്ക്, അന്നപൂര്‍ണേശ്വരീദേവിക്കറിയാം അവളെ.

മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകള്‍ക്കറിയാം

ഭര്‍ത്താവിനും കുഞ്ഞിനും അച്ഛനമ്മമാര്‍ക്കും വെച്ചുവിളമ്പിയും അവരുടെ വസ്ത്രങ്ങള്‍ അലക്കിയും വീടു വൃത്തിയാക്കിയും അധ്യാപക ജോലി ചെയ്തും അവളുടെതായ തുച്ഛമായ ജീവിതം സംതൃപ്തിയോടെ ജീവിച്ചു കൊണ്ടിരുന്ന വിശ്വാസിയായ ഒരു സാധാരണ പെണ്‍കുട്ടി ശബരിമലയ്ക്കു പോവാന്‍ മാലയിട്ടു വ്രതമെടുക്കുന്നത് ആര്‍ക്കാണ് അഹിതമാകുന്നത്,

വിശ്വാസത്തിന്റെ ബാരോമീറ്റര്‍ കൈകാര്യം ചെയ്യുന്നതിന് സംഘികള്‍ക്കോ സമൂഹത്തില്‍ വിഷം ചീറ്റാന്‍ മാത്രം പിറവിയെടുത്ത ജനം ടിവിക്കോ ഇന്നാട്ടിലെ ഒരു നിയമവും അധികാരം ഏല്‍പ്പിച്ചു കൊടുത്തിട്ടില്ല.

സ്വന്തമായി നിലപാട് ഉള്ളതാണോ ആക്ടിവിസം? സുപ്രീം കോടതി വിധി അനുസരിച്ചു ശബരിമലയില്‍ കയറുന്നതാണോ ആക്ടിവിസം? അതല്ലാതെ ഏത് ആക്ടിവിസ്റ്റ് മൂവ്‌മെന്റുകളിലാണു നിങ്ങള്‍ രേഷ്മയെയും ഷനിലയെയും കണ്ടിട്ടുള്ളത്?

എവിടെയുമില്ല.

വ്രതം നീണ്ടുനീണ്ടു പോകെ മകളൊരുത്തി പറയാറുണ്ട്:

‘അച്ഛാ, ഈ പെണ്ണുങ്ങളെ ശബരിമലേക്കേറ്റാത്ത ഗുണ്ടകളെയൊക്കെ എപ്പളാച്ഛാ അടിച്ചോടിക്ക്വാ?’

ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല അക്രമസമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം എടപ്പാളിലെ സഹികെട്ട മനുഷ്യര്‍ അക്രമികളെ അടിച്ചോടിക്കുന്ന വിഡിയോ അവള്‍ ആവര്‍ത്തിച്ചു കണ്ടിരുന്നു.

അവളുടെ ആ ചോദ്യത്തില്‍ ആണ് എന്റെ പ്രതീക്ഷ. അവളുടെ തലമുറയ്ക്കും കൂടി വേണ്ടിയുള്ള പോരാട്ടത്തിലാണ് അമ്മയെന്ന് ഒരു നാള്‍ അവള്‍ മനസ്സിലാക്കും.

എനിക്കറിയാം,

Reshma Nishanth Shanila Sajesh Thej
അവര്‍ക്കു വേണ്ടി അയ്യപ്പനു വേണ്ടി
നിങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന്.
സ്വാമി ശരണം

Top