ദില്ലി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ കിട്ടില്ലെന്ന് ഷീലാ ദീക്ഷിത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് സമയമില്ലെന്നാണ് ഷീലാ ദീക്ഷിത് പറഞ്ഞത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്റ് നേരത്തെ ദിക്ഷിതിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സമയക്കുറവ് മൂലം പദവി സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അവര്‍ ഹൈക്കമാന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായ ദീക്ഷിതിനെ യു.പിയില്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. യു.പിയില്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള ബ്രാഹ്മിണ്‍ മുഖമാണ് പാര്‍ട്ടിക്ക് വേണ്ടതെന്നായിരുന്നു കിഷോറിന്റെ നിര്‍ദേശം. കൂടാതെ ദീക്ഷിതിന് യു.പിയുള്ള കുടുംബബന്ധങ്ങളും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതി.
അതേസമയം, ഡല്‍ഹിയിലെ 400 കോടിയുടെ വാട്ടര്‍ ടാങ്കര്‍ ഇടപാടില്‍ ദിക്ഷിതിനെതിരെ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് ഉത്തരവിട്ടതാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ദീക്ഷിത് തീരുമാനിച്ചതിനു പിനലെന്നും സൂചനയുണ്ട്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുമെന്ന വാര്‍ത്തയും ദീക്ഷിത് നിഷേധിച്ചിട്ടുണ്ട്.