കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ യുവാക്കള്‍ക്കെതിരെ സദാചാര ഗുണ്ടായിസം കാണിച്ചവര്‍ പാര്‍ട്ടി സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ നിന്നും രാജിവയ്ച്ചു. സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ചവരെ പാര്‍ട്ടി നേതൃത്വം കയ്യൊഴിഞ്ഞെന്നാണ് ആരോപണം. പാര്‍ട്ടിയുടെ സംസ്ഥാന രാഷ്ട്രീയ കാര്യസമിതി ചെയര്‍മാനും സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ ടി ആര്‍ ദേവനും അനുയായികളുമാണ് രാജി സമര്‍പ്പിച്ചത്.
പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരമാണ് മറൈന്‍ ഡ്രൈവില്‍ പെണ്‍കുട്ടികളെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ പ്രത്യേക കര്‍മ്മപരിപാടി സംഘടിപ്പിച്ചത്. ഒരുമിച്ചിരിക്കുന്ന കമിതാക്കള്‍ക്ക് നേരെ ചൂരല്‍ പ്രയോഗം നടത്തിയത് ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സദാചാര ഗുണ്ടായിസമാണ് ശിവസേന നടത്തുന്നത് എന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ കുടുംബാംഗങ്ങള്‍ അല്ലാതെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നും ആരും വന്നില്ലെന്ന് രാജി സമര്‍പ്പിച്ചവര്‍ ആരോപിക്കുന്നു. എറണാകുളത്ത് പാര്‍ട്ടി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഭവനനിര്‍മ്മാണ പദ്ധതിയുമായി സംസ്ഥാന നേതൃത്വം സഹകരിക്കുന്നില്ലെന്ന പരാതിയും രാജിവെച്ചവര്‍ ഉന്നയിക്കുന്നുണ്ട്.