പൗരത്വ ഭേദഗതി ബില്ലിൽ നിലാപാട് മാറ്റി ശിവസേന. പൌരത്വ ബില്ല് പാർലമെൻ്റിലെത്തുന്ന ഇന്ന് രാവിലെ ബില്ലിനെ എതിർക്കുന്ന നിലയിലാണ് ശിവസേന മുഖപ്പത്രമായ സാമ്നയിലെ വാദങ്ങൾ ഉണ്ടായിരുന്നത്. സാമ്നയിലെ എഡിറ്റോറിയൽ തന്നെ പൌരത്വ വില്ല് ഹിന്ദു മുസ്ലീം വിഭജനം ഉണ്ടാക്കുമെന്നും രാജ്യ താത്പര്യമല്ലെന്നും ഉള്ള വാദഗതികളാണ് ഉയർത്തിയത്. ശിവസേന സ്വീകരിച്ച ഈ നിലപാടിൽ പലരും അത്ഭുതം കൂറിയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നുള്ള ശിവസേനയുടെ പുറത്ത് കടക്കാലാണ് ഇതെന്ന നിലയിലാണ് വ്യാഖ്യാനങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും മറുകണ്ടം ചാടിയിരിക്കുകയാണ് ശിവസേന.
പൗരത്വ ബില്ലിനെ ശിവസേന പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. എന്നാൽ, 25 വർഷത്തേക്ക് കുടിയേറ്റകാർക്ക് വോട്ടവകാശം നൽകരുതെന്നാണ് ശിവസേനയുടെ ആവശ്യം. ശിവസേന എം.പി സഞ്ജയ് റാവുത്താണ് പാർട്ടിയുടെ നിലപാട് പറഞ്ഞത്. ബില്ലിനെതിരെ പാർട്ടി മുഖപത്രമായ സാംനയിൽ സ്വീകരിച്ച നിലപാടിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് പാർലമെന്റിൽ ശിവസേന പ്രതികരിച്ചത്. രാജ്യത്ത് ഹിന്ദുക്കളെയും മുസ്ലിംകളെയും അദൃശ്യമായി വിഭജിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ബിൽ എന്നാണ് പാർട്ടി മുഖപത്രമായ സേന ആരോപിച്ചത്. ഹിന്ദു കുടിയേറ്റക്കാരെ മാത്രം തെരഞ്ഞെടുത്ത് സ്വീകരിക്കുന്നത് മതയുദ്ധത്തിനാകും വഴി വയ്ക്കുക എന്നും സേന മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ താത്പര്യമില്ല ബില്ലിന് പിന്നിലുള്ളത്. മതതാത്പര്യമാണ്. ഹിന്ദുക്കൾക്ക് ഹിന്ദുസ്ഥാൻ അല്ലാതെ മറ്റൊരു രാജ്യമില്ല. എന്നാൽ അനധികൃത കുടിയേറ്റക്കാരെ അംഗീകരിക്കുന്നതിലൂടെ മതയുദ്ധത്തിന് വഴിയൊരുക്കയാണ് നമ്മൾ- ഇത്തരത്തിലാണ് സാമ്നയിലെ ലേഖനത്തിൽ ശിവസേന പറഞ്ഞിരുന്നത്.