എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ല,വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് അമിത് ഷാ !എന്‍പിആര്‍ നടപ്പിലാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കും

ദില്ലി: ദേശീയ ജനസഖ്യ പട്ടിക (എന്‍പിആര്‍) പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാജ്യത്ത് താമസിക്കുന്നവരുടെ സമഗ്രാമായ ഡാറ്റാബേസ് തയ്യാറാക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.എന്‍ആര്‍സിയില്‍ നിലപാട് മാറ്റി എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്‍ആര്‍സിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്‍പിആറിനെ ചൊല്ലി ഇപ്പോള്‍ ആശയക്കുഴപ്പമാണ് ഉള്ളത്. എന്നാല്‍ എന്‍ആര്‍സിയുമായി ഇതിനെ ഉറപ്പായും ബന്ധിപ്പിക്കില്ല. എന്‍ആര്‍സിയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ദേശീയ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് ഇപ്പോള്‍ ആലോചനയിലില്ലെന്നും അമിത് ഷാ പറഞ്ഞു.

ആറ് മാസമായി ഒരു പ്രദേശത്ത് തുടര്‍ച്ചയായി താമസിക്കുന്നവരെയും അടുത്ത ആറ് മാസം തുടര്‍ന്നും താമസിക്കുന്നവരെയുമാണ് എന്‍പിആറില്‍ ഉള്‍പ്പെടുത്തുക. എല്ലാ പൗരന്‍മാരും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. പദ്ധതി നടപ്പാക്കുന്നതിന് 8500 കോടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ആര്‍സിയെ കുറിച്ച് മന്ത്രിസഭയിലോ പാര്‍ലമെന്റിലോ മോദി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളവും ബംഗാളും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെച്ചതിനെയും അമിത് ഷാ ചോദ്യം ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ഞാന്‍ അപേക്ഷിക്കുകയാണ്, നിങ്ങളുടെ തീരുമാനം പുന:പ്പരിശോധിക്കണം. നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി പാവപ്പെട്ടവരെ വികസനത്തിന് പുറത്താക്കരുതെന്നും ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് എന്‍പിആറിനെതിരെ ഭയം സൃഷ്ടിക്കുകയാണ.് ന്യൂനപക്ഷങ്ങളെ ബാധിക്കുമെന്നാണ് പ്രചാരണം.

ജനങ്ങള്‍ ഒന്ന് കൊണ്ടും ഭയപ്പെടേണ്ടതില്ല. ചില പേരുകള്‍ എന്‍പിആറില്‍ നിന്ന് വിട്ടുപോയിട്ടുണ്ടാവും. പക്ഷേ അവരുടെ പൗരത്വം ഒരിക്കലും റദ്ദാക്കില്ല്. കാരണം ഇത് എന്‍ആര്‍സിയുടെ നടപടിയല്ല. എന്‍ആര്‍സി വ്യത്യസ്തമായ ഒരു നടപടിയാണ്. എന്‍പിആര്‍ കൊണ്ട് ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമാകില്ലെന്ന് താന്‍ ഉറപ്പിച്ച് പറയാമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം തടങ്കല്‍ കേന്ദ്രങ്ങളുണ്ടെന്ന കാര്യത്തെ എന്‍ആര്‍സിയുമായി കൂട്ടിക്കലര്‍ത്തേണ്ടെന്ന് അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി ഇത്തരം തടങ്കല്‍ കേന്ദ്രങ്ങള്‍ നേരത്തെയുണ്ട്. അത് മോദി സര്‍ക്കാര്‍ തുടങ്ങിയതല്ല. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. രാജ്യം മുഴുവനും എന്‍ആര്‍സി നടപ്പാക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

എന്‍ആര്‍സി നടപ്പാക്കുന്നതിന് മുന്നോടിയായിട്ടുള്ള ആദ്യ പടിയാണ് എന്‍പിആര്‍ എന്നാണ് കണക്കാക്കുന്നത്. അതേസമയം, എന്‍പിആറില്‍ പേരുള്ള എല്ലാവരും എന്‍ആര്‍സിയില്‍ ഉള്‍പ്പെടണം എന്നില്ല. എന്‍ആര്‍സിയില്‍ ഉള്‍പ്പെടണമെങ്കില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടിവരും.2020 ഏപ്രിലിനും സപ്തംബറിനുമിടയിലായിരിക്കും എന്‍പിആര്‍ തയ്യാറാക്കുക. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കണക്കെടുപ്പ് നടത്തും. അസമിലുണ്ടാകില്ല. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പൗരന്‍മാരുടെ രേഖകള്‍ ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് അസമിനെ ഒഴിവാക്കിയിരിക്കുന്നത്.

Top