പൗരത്വനിയമ ഭേദഗതി;ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നത് . കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് പിണറായി

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കശാപ്പിന് നേതൃത്വം നല്‍കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണെന്നും ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് ആണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി.

ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും വിവിധ നേതാക്കളും പങ്കെടുക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ വേദിയില്‍ അണിനിരക്കുന്നത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കും.

Top