കൊച്ചി:എനിക്കും മകനും വേണ്ടി എല്ലാ മലയാളികളും പ്രാര്‍ഥിച്ചു. ദൈവം അവനെ എനിക്ക് തിരികെ തന്നു’ വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ നടി കെ.പി.എ.സി ലളിത കണ്ണുതുടച്ചു. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികത്സയിലിരുന്ന മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ മരണത്തെ മുന്നില്‍കണ്ട് ജീവിതത്തിലേക്ക് തിരികെയത്തെുന്ന നിമിഷത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കെ.പി.എ.സി ലളിത.
കാറപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും മൂന്നാഴ്ചത്തെ ചികില്‍സയ്ക്കു ശേഷം ജീവിതത്തിലേക്ക് അദ്ഭുതകരമായി തിരിച്ചെത്തുകയും ചെയ്ത സിദ്ധാര്‍ഥ് ഭരതന് ആശംസ നേരാന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങ് വിക്കാര തീവ്രമായ നിമിഷങ്ങള്‍ കൊണ്ട് ഏവരുടെയും കണ്ണു നനയിച്ചു. മകന്റെ ആയുസ്സിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ചികിത്സിച്ചവര്‍ക്കും നന്ദിവാക്കുകള്‍ എത്ര പറഞ്ഞിട്ടും മതിയാകാതെ അമ്മ കെ പി എ സി ലളിത കൂടിനിന്നവരെ നോക്കി നിറകണ്ണോടെ കൈകൂപ്പിയപ്പോള്‍ സിദ്ധാര്‍ഥിന്റെ കണ്ണൂകളും നിറഞ്ഞൊഴുകി.
‘‘നല്ല ദൈവഭാഗ്യമുണ്ടെന്നു തോന്നുന്നു. എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടു നന്ദിയുണ്ട്’’- സിദ്ധാര്‍ഥിന്റെ പ്രതികരണം ഇത്രമാത്രം.സിദ്ധാര്‍ഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ന്യൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ബിബിന്‍ തെരുവില്‍ എന്നിവര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് തന്റെ മകനും തങ്ങളുടെ കുടുംബവും അനുഭവിച്ച വേദനയും വിഷമങ്ങളും അമ്മ കെ പി എ സി ലളിത നിറകണ്ണുകളോടെയാണ് വിശദീകരിച്ചത്. “ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു സിദ്ധാര്‍ത്ഥ്. ഒരു ദിവസം അവന്‍ സ്വന്തം പേര് ഓര്‍ത്ത് പറഞ്ഞു എന്നും ഐ സി യു വില്‍ വേഗം എത്തണം എന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. അവിടെ ചെന്ന എന്നെ നോക്കി അവന്‍ അമ്മേയെന്ന് വിളിച്ചു. അവനെ രക്ഷിച്ച ഡോക്ടര്‍മാര്‍ക്കും അതിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി, ഗുരുവായൂരപ്പനാണ് ഈ രണ്ടാം ജീവിതം ഞങ്ങള്‍ക്ക് തന്നത്. അപകടം നടന്ന് അന്ന് ആശുപത്രിയില്‍ ഞാന്‍ എത്തുമ്പോള്‍ അവന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കാണുന്നത്. അവനില്ലെങ്കില്‍ പിന്നെ ഞാനുണ്ടാകില്ലെന്ന് ഉറപ്പിച്ച എന്നെ ഡോക്ടര്‍മാരും സുഹൃത്തുക്കളും പറഞ്ഞ ആശ്വാസവാക്കുകള്‍ ആണ് പിടിച്ച് നിര്‍ത്തിയത്. കൂട്ടത്തില്‍ രഞ്ജിത്തും ദിലീപും നല്‍കിയ ആശ്വാസം ചെറുതല്ല”. തനിക്ക് നല്ല ദൈവഭാഗ്യമുണ്ടെന്നു് തോന്നുന്നെന്നും, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോട് നന്ദിയുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
കഴിഞ്ഞ പതിമൂന്നാം തീയതി ഉണ്ടായ അപകടത്തില്‍ സിദ്ധാര്‍ഥിന്റെ തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് അപകടസാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു. തലച്ചോറിലേയ്ക്കുള്ള രക്തസമ്മര്‍ദ്ദത്തിന്റെ തോത് ഐ സി പി മോണിട്ടറിംഗ് സംവിധാനം വഴി നിരീക്ഷിക്കാനായതും മരുന്നുകള്‍ പെട്ടെന്ന് ഫലം ചെയ്തതും രക്ഷയായി. ഒപ്പം ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തണമെന്ന സിദ്ധാര്‍ഥിന്റെ ഇച്ഛാശക്തിയും ചികിത്സാ ഘട്ടങ്ങളില്‍ തുണയായതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ വാക്കറിന്റെ സഹായത്തോടെ നടക്കുന്ന സിദ്ധാര്‍ഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിയെ സാധാരണ നിലയിലെത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. താമസിയാതെ തന്നെ വീട്ടിലേയ്ക്ക് പോകാന്‍ ആകുമെന്നും അവര്‍ ഉറപ്പ് നല്‍കി