തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സിബിഐയുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി വർഗീസ് പി തോമസ് കോടതിയിൽ മൊഴി നൽകി.പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് സനിൽ കുമാറിന് മുൻപാകെയാണ് അദ്ദേഹം മൊഴി നൽകിയത്. 1993 ൽ ഡിവൈഎസ്പിയായ താൻ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. സിബിഐ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും കിട്ടിയ നിർദ്ദേശ പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഹംസ വധിക്കേസിന്റെ അന്വേഷണവും ആയിടയ്ക്കാണ് നടന്നത്. ആദ്യം കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ക്രൈംബ്രാഞ്ച് എസ് പി മൈക്കിളിന്റെ കീഴിൽ ഡിവൈഎസ്പി കെ സാമുവലാണ് കേസ് അന്വേഷിച്ചിരുന്നത്. എറണാകുളം ആർഡിഒ കോടതിയിൽ നിന്നും കേസിന് ആസ്പദമായ തൊണ്ടിമുതലുകൾ കെ സാമുവൽ വാങ്ങി എടുത്തിരുന്നെങ്കിലും ഇവയൊന്നും തനിക്ക് കൈമാറിയിരുന്നില്ല. അന്വേഷണത്തിൽ മേലുദ്യോഗസ്ഥനായ എസ് പി ത്യാഗരാജന്റെ ഇടപെടൽ കൂടി ഉണ്ടായപ്പോൾ സ്വമേധയാ വിരമിക്കൽ പ്രഖ്യാപിച്ചെന്നും വർഗീസ് പി തോമസ് കോടതിയിൽ വ്യക്തമാക്കി.